

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ അവരുടെ ഏറ്റവും മോശം സീസൺ ആവുമായിരുന്നു ഈ വർഷത്തേത്. കാരണം ആദ്യ ഏഴ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ആറ് തോൽവിയും ഒരു സമനിലയും ആയിരുന്നു അവരുടെ സമ്പാദ്യം. ഈസ്റ്റ് ബംഗാൾ എഫ്സിക്ക് എതിരെയായിരുന്നു ആ ആശ്വാസ സമനില. പോയിന്റ് പട്ടികയിലാകട്ടെ ഐ-ലീഗിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദൻ എസ്‌സിയെ മാത്രം പിന്നിലാക്കി പതിമൂന്നാം സ്ഥാനത്തും. എന്നാൽ ഇപ്പോൾ കഥയാകെ മാറിവരുന്നുണ്ടെങ്കിലും ആരാധകർ പിണക്കത്തിൽ തന്നെയാണ്.
ടീമിന്റെ തുടർച്ചയായ മോശം പ്രകടനത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് ആരാധക കൂട്ടമായ മഞ്ഞപ്പട മത്സരങ്ങൾ ബഹിഷ്കരിക്കാനും തീരുമാനിച്ചു. ഇതോടെ ഗാലറികൾ ആളൊഴിഞ്ഞ നിലയിലുമാണ്. അതിനിടയിൽ, ആരാധകരുടെ ഈ തീരുമാനത്തെ വിമർശിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മുൻ താരം സികെ വിനീത് പ്രതികരിച്ചിരുന്നു. 'ഞാൻ കളിച്ച് കൊണ്ടിരുന്ന സമയത്ത് പോലും കളി ജയിക്കുമ്പോൾ കാണികൾ കൂടുകയും കളി തോൽക്കുമ്പോൾ ആളുകൾ കുറയുകയും ചെയ്യുന്ന അവസ്ഥ അറുപതിനായിരം കാണികൾ എന്ന് പറഞ്ഞിടത്ത് രണ്ടായിരത്തി അഞ്ഞൂറോളും ആളുകളുടെ മുന്നിൽ ഞാൻ കളിച്ചിട്ടുണ്ട്, അന്ന് പറഞ്ഞത് തന്നെയേ ഇന്നും പറയാനുള്ളൂ, കാണികളുണ്ടാവേണ്ടത് സാമൂഹ്യ മാധ്യമങ്ങളിലല്ല ഗാലറിയിലാണ്. ജയിക്കുമ്പോൾ കൂടെ നിൽക്കാൻ അനേകം പേരുണ്ടാകും മോശം സമയത്തും കൂടെ നിൽക്കുമ്പോഴാണ് യഥാർത്ഥ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ആകുന്നത്', ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തുടർ തോൽവികളിൽ നിരാശരായിരുന്ന ആരാധകരെ പോലും ഞെട്ടിച്ച ഒന്നായിരുന്നു ബെംഗളുരുവിനെതിരെ അവരുടെ തട്ടകത്തിൽ നേടിയ ജയം. അതും ഓൺഗോളിലൂടെ ബെംഗളുരുവിന് ലീഡ് വിട്ട് നൽകിയതിന് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു അത്. 'ഇത് ബ്ലാസ്റ്റേഴ്‌സ് തന്നെയോ!', 'ഇതായിരുന്നില്ലേ നമ്മൾ ആഗ്രഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ്' എന്നെല്ലാമായിരുന്നു ഒരു വിഭാഗം ആരാധകരിൽ നിന്നുണ്ടായ പ്രതികരണം. അതിന് ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയ്ക്ക് എതിരെ 88-ാം മിനിറ്റ് വരെ ലഭിച്ച ലീഡ് നഷ്ട്ടപ്പെടുത്തിയായിരുന്നു സമനില പിടിച്ചത്. അവിടെയും തിരിച്ചുവരവിന്റെ കഥ അവസാനിക്കുന്നില്ല. ജംഷഡ്‌പൂർ എഫ്സിയുമായുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജയം സ്വന്തമാക്കിയത്. അതും 12, 36 എന്നി മിനിറ്റുകൾ മലയാളി കരുത്തിൽ നേടിയ ലീഡ് മത്സരത്തിന്റെ അവസാനം വരെ നിലനിർത്തിയായിരുന്നു ജയം പിടിച്ചെടുത്തത്.
Content highlight: Kerala Blasters FC coach Ashley Westwood