നോര്‍ത്ത് കേരള ഡെര്‍ബി ബലാബലം; സൂപ്പര്‍ ലീഗ് കേരളയില്‍ സമനിലയില്‍ പിരിഞ്ഞ് കാലിക്കറ്റും കണ്ണൂരും

മത്സരത്തിൽ ഒരു റെ‍ഡ് കാർഡും രണ്ട് ഗോളുകളും പിറന്നു

നോര്‍ത്ത് കേരള ഡെര്‍ബി ബലാബലം; സൂപ്പര്‍ ലീഗ് കേരളയില്‍ സമനിലയില്‍ പിരിഞ്ഞ് കാലിക്കറ്റും കണ്ണൂരും
dot image

സൂപ്പർ ലീഗ് കേരളയിൽ വീണ്ടും സമനില. ഒരു റെ‍ഡ് കാർഡും രണ്ട് ഗോളുകളും പിറന്ന മത്സരത്തിൽ കാലിക്കറ്റ്‌ എഫ്സിയും കണ്ണൂർ വാരിയേഴ്‌സ് എഫ്സിയും ഓരോ ഗോളടിച്ചു പിരിഞ്ഞു. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റിന് വേണ്ടി മുഹമ്മദ്‌ അർഷാഫും കണ്ണൂരിന് വേണ്ടി എസിയർ ഗോമസും ഗോൾ നേടി. നാല് മത്സരങ്ങളിൽ എട്ട് പോയിന്റുള്ള കണ്ണൂർ ഒന്നാംസ്ഥാനത്തും അഞ്ച് പോയിന്റുമായി കാലിക്കറ്റ്‌ നാലാമതുമാണ് നിൽക്കുന്നത്.

കാലിക്കറ്റിന്റെ മുഹമ്മദ്‌ ആസിഫിന് ആദ്യപകുതിയിൽ തന്നെ റെഡ് കാർഡ് കണ്ട് കളംവിടേണ്ടിവന്നിരുന്നു. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ എബിൻദാസിനെ ഫൗൾ ചെയ്ത കാലിക്കറ്റിന്റെ മുഹമ്മദ്‌ ആസിഫ് മഞ്ഞക്കാർഡ് കണ്ടു. ഇതിനായി ബോക്സിന് തൊട്ടുപുറത്തു നിന്ന് കണ്ണൂരിന് ലഭിച്ച ഫ്രീകിക്ക് എസിയർ ഗോമസിന് മുതലാക്കാനായില്ല. പതിനേഴാം മിനിറ്റിൽ കാലിക്കറ്റിന് അനുകൂലമായ ഫ്രീകിക്ക്. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

28-ാം മിനിറ്റിൽ കാലിക്കറ്റ്‌ ഗോൾ നേടി. ക്യാപ്റ്റൻ പ്രശാന്ത് എടുത്ത താഴ്ന്നുവന്ന കോർണർ മുഹമ്മദ്‌ അജ്സൽ ക്ലിയർ ചെയ്ത് നൽകിയപ്പോൾ കരുത്തുറ്റ ഷോട്ടിലൂടെ അണ്ടർ 23 താരം മുഹമ്മദ്‌ അർഷാഫ് കണ്ണൂരിന്റെ വലയിലെത്തിച്ചു 1-0. മുപ്പത്തിയെട്ടാം മിനിറ്റിൽ സ്പാനിഷ് താരങ്ങളുടെ മികവിൽ കണ്ണൂർ ഗോൾ തിരിച്ചടിച്ചു. അഡ്രിയാൻ സെർദിനേറോ നീക്കിനൽകിയ പന്ത് ഓടിപ്പിടിച്ച എസിയർ ഗോമസ് കാലിക്കറ്റ്‌ ഗോളി ഹജ്മലിന് ഒരവസരവും നൽകാതെ പോസ്റ്റിൽ നിക്ഷേപിച്ചു 1-1. ആദ്യപകുതി അവസാനിക്കാനിരിക്കെ കാലിക്കറ്റിന്റെ ആസിഫ് ചുവപ്പ് കാർഡ് വാങ്ങി പുറത്തേക്ക് പോയി. അഞ്ചാം മിനിറ്റിൽ തന്നെ ആദ്യ മഞ്ഞക്കാർഡ് ലഭിച്ചിരുന്ന ആസിഫ് നാൽപ്പത്തിരണ്ടാം മിനിറ്റിൽ പന്ത് കൈകൊണ്ട് തടയാൻ ശ്രമിച്ചപ്പോൾ റഫറി രണ്ടാം മഞ്ഞക്കാർഡും ചുവപ്പും നൽകുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മുന്നേറ്റനിരയിൽ നിന്ന് അനികേത് യാദവിനെ പിൻവലിച്ച കാലിക്കറ്റ്‌ പ്രതിരോധത്തിൽ സച്ചു സിബിയെ കൊണ്ടുവന്നു. അൻപത്തിയഞ്ചാം മിനിറ്റിൽ കാലിക്കറ്റിന് വീണ്ടും മഞ്ഞക്കാർഡ്. എതിർതാരത്തെ ഇടിച്ചതിന് ജോനാഥൻ പെരേരക്ക് നേരെയാണ് റഫറി കാർഡുയർത്തിയത്. കണ്ണൂർ സിനാൻ, അർഷാദ്, കരീം സാംബ് എന്നിവരെയും കാലിക്കറ്റ്‌ ആഷിഖിനെയും കളത്തിലിറക്കി. എഴുപത്തിയാറാം മിനിറ്റിൽ ഇടതുവിങിലൂടെ മുന്നേറി കാലിക്കറ്റിന്റെ ഫെഡറിക്കോ ഹെർനാൻ ബോസോ പോസ്റ്റിലേക്ക് കോരിയിട്ട പന്ത് ക്രോസ് ബാറിൽ തട്ടി മടങ്ങി. 16089 കാണികളാണ് മത്സരം കാണാനെത്തിയത്.

നാലാം റൗണ്ടിലെ അവസാന മത്സരത്തിൽ നാളെ (ഒക്ടോബർ 31) ഫോഴ്‌സ കൊച്ചി എഫ്സി, തൃശൂർ മാജിക് എഫ്സിയെ നേരിടും. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

Content Highlights: Super League Kerala; Calicut FC vs Kannur Warriors FC drew 1-1

dot image
To advertise here,contact us
dot image