ഗാസ വംശഹത്യക്കുള്ള ശിക്ഷ; ഇസ്രായേലിനെ സസ്‌പെൻഡ് ചെയ്യാൻ യുവേഫ

അംഗരാജ്യങ്ങൾക്കിടയിലെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാവും നടപടി

ഗാസ വംശഹത്യക്കുള്ള ശിക്ഷ; ഇസ്രായേലിനെ സസ്‌പെൻഡ് ചെയ്യാൻ യുവേഫ
dot image

ഗാസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പലസ്തീനികളെ കൊന്നൊടുക്കി വംശഹത്യ തുടരുന്ന ഇസ്രായേലിന് കനത്ത ശിക്ഷക്ക് ഒരുക്കി യൂറോപ്യൻ ഫുട്ബാൾ ഭരണ സമിതിയായ യുവേഫ.

അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ചും, ലോകത്തിന്റെ അഭ്യർത്ഥന തള്ളിയും വംശഹത്യ തുടരുന്ന ഇസ്രായേലിനെ ഫുട്ബാൾ വേദിയിൽ വിലക്കണമെന്ന അംഗ രാജ്യങ്ങളുടെ ആവശ്യത്തിൽ ചൊവ്വാഴ്ച ചേരുന്ന യുവേഫ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കും.

അംഗരാജ്യങ്ങൾക്കിടയിലെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാവും നടപടി. ഇസ്രായേൽ ദേശീയ ടീമിനെ മുഴുവൻ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നും വിലക്കുന്നതിനൊപ്പം, യുവേഫ യൂറോപ ലീഗിൽ കളിക്കുന്ന മകാബി തെൽ അവീവിനെയും വിലക്കും. രണ്ടു വർഷത്തിലേക്കടുക്കുന്ന ഗാസ ആക്രമണങ്ങൾക്ക് പിന്നാലെ, യുവേഫയുമായി അടുത്ത ബന്ധം നിലനിർത്തുന്ന ഖത്തറിനെയും ഇസ്രായേൽ ആക്രമിച്ചത് യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് അലക്‌സാണ്ടർ സെഫറിന്റെ അധ്യക്ഷതയിൽ ചേരുന്ന 20 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയാവും ഇസ്രായേൽ വിലക്ക് സംബന്ധിച്ച് തീരുമാനമെടുക്കുക.

രണ്ടോ, മൂന്നോ അംഗങ്ങൾ വിലക്ക് നീക്കത്തെ എതിർക്കാൻ സാധ്യതയുണ്ടെങ്കിലും ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ ഫുട്ബാളിൽ നിന്നുള്ള വിലക്ക് ഉറപ്പാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജർമനി, ഹംഗറി എന്നിവരുടെ പിന്തുണ ഇസ്രായേലിന് ആയിരിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

അതേസമയം, വിലക്ക് നീക്കത്തിനെതിരെ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി ഇസ്രായേൽ ഫുട്ബാൾ ഫെഡറേഷനും, സർക്കാറും രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഐ.എഫ്.എക്ക് ഉറക്കമില്ലാ ദിനങ്ങളായിരുന്നുവെന്നും, യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെത്തി തിരിക്കിട്ട കൂടിയാലോചനയിലായിരുന്നുവെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിലക്ക് പ്രാബല്ല്യത്തിൽ വരുന്നതോടെ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരം, യുവേഫ നാഷനസ് ലീഗ് മത്സരം എന്നിവയിൽ നിന്നും ഇസ്രായേൽ പുറത്താകും.

Content Highlights - UEFA to suspends Isarel Football

dot image
To advertise here,contact us
dot image