
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ് പി എസ് ജിയെ ചാംപ്യന്മാരാക്കിയ പരിശീലകൻ ലൂയിസ് എൻറിക്വെ കുറിച്ചത് ചരിത്ര നേട്ടങ്ങൾ. ചരിത്രത്തിൽ ആദ്യമായാണ് പി എസ് ജി യൂറോപ്പ്യൻ ഫുട്ബോളിന്റെ ചാംപ്യന്മാരാകുന്നത്. ഒപ്പം പി എസ് ജി ഫുട്ബോളിന്റെ ചരിത്രത്തിലെ ആദ്യ ട്രെബിൾ നേട്ടവും ക്ലബ് സ്വന്തമാക്കി. രണ്ട് വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം ട്രെബിൾ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം പരിശീലകനാണ് ലൂയിസ് എന്റിക്വെ.
2015ൽ ബാഴ്സലോണയ്ക്കൊപ്പമാണ് എന്റ്വികെ ആദ്യ ട്രെബിൾ നേട്ടം സ്വന്തമാക്കിയത്. അന്ന് സ്പാനിഷ് ലാ ലീഗ, യുവേഫ ചാംപ്യൻസ് ലീഗ്, കോപ്പ ഡെൽ റേ എന്നീ കിരീടങ്ങളാണ് എന്റ്വികെ ബാഴ്സയ്ക്കൊപ്പം നേടിയത്. ഈ സീസണിൽ പി എസ് ജിക്കൊപ്പം ഫ്രഞ്ച് ഫുട്ബോൾ ലീഗായ ലീഗ് 1 കിരീടവും ഫ്രഞ്ച് കപ്പ് കിരീടവും എന്റ്വികെ സ്വന്തമാക്കി.
മുമ്പ് രണ്ട് വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം ട്രെബിൾ നേട്ടം സ്വന്തമാക്കിയ ആദ്യ പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. 2009ൽ ബാഴ്സലോണയ്ക്കൊപ്പം സ്പാനിഷ് ലാ ലീഗ, യുവേഫ ചാംപ്യൻസ് ലീഗ്, കോപ്പ ഡെൽ റേ എന്നീ കിരീടങ്ങൾ പെപ് സ്വന്തമാക്കിയിരുന്നു. പിന്നാലെ 2023ൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവും പെപ് ട്രെബിൾ നേട്ടം ആവർത്തിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യുവേഫ ചാംപ്യൻസ് ലീഗ്, ഇംഗ്ലീഷ് എഫ് എ കപ്പ് തുടങ്ങിയ കിരീടങ്ങളാണ് അന്ന് പെപ് സിറ്റിക്കൊപ്പം നേടിയത്.
Content Highlights: Luis Enrique becomes Only Second Coach To Win Treble With Two Clubs