
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഹെയ്സൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് 40 വർഷം. 1985 മെയ് 29 നാണ് ബെൽജിയത്തിലെ ബ്രസ്സൽസിലെ ഹെയ്സൽ സ്റ്റേഡിയത്തിൽ 39 പേരുടെ മരണത്തിനിടയാക്കിയ അപകടം നടക്കുന്നത്. ലിവർപൂളും യുവന്റസും തമ്മിലുള്ള യൂറോപ്യൻ കപ്പ് ഫൈനലിന് മുന്നോടിയായി ഗ്യാലറിയിലെ തിക്കിലും തിരക്കിലുമാണ് ഈ അപകടം ഉണ്ടാകുന്നത്. അതിനിടയിൽ മതിലും ഇടിഞ്ഞുവീണു.
40-ാം വാർഷികത്തോടനുബന്ധിച്ച് ലിവർപൂൾ എഫ്സി ആൻഫീൽഡിൽ ഇന്ന് ഒരു പുതിയ സ്മാരകം അനാച്ഛാദനം ചെയ്യും. 'ഫോർ ഇവർ ബൗണ്ട്' എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്മാരകം സൂചിപ്പിക്കുന്നത് മരണത്തിനപ്പുറം, കാലത്തെയും ദൂരത്തെയും ഓർമകളെയും അതിജീവിക്കുന്ന ബന്ധമെന്നാണ്.
ലിവർപൂൾ– യുവന്റസ് ക്ലബ്ബുകൾ പരസ്പരം പങ്കുവച്ച ദുഃഖത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി രണ്ടു സ്കാർഫുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ഒരുങ്ങുന്ന പുതിയ സ്മാരകത്തിന്റെ രൂപകൽപന. ഇതിൽ അന്ന് മരിച്ചവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Liverpool FC to unveil new Heysel memorial to mark 40th anniversary of disaster