

മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര. പരിക്കില്‍ നിന്നു മുക്തനായി തിരിച്ചെത്തിയാല്‍ ടീമിലേക്ക് വിളിക്കുമെന്നു പരിശീലകന്‍ അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വ്യക്തമാക്കിയിരുന്നുവെന്നും എന്നാൽ തന്നെ അവഗണിച്ചുവെന്നും മിശ്ര പറഞ്ഞു.
പരിക്ക് മാറി കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്ത് താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കോഹ്‌ലി ഫോണ്‍ എടുത്ത് സംസാരിക്കുകയോ മെസജ് അയച്ചപ്പോള്‍ തിരിച്ച് മറുപടി നല്‍കുകയോ പോലും ചെയ്തില്ലെന്നു മിശ്ര വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് മിശ്രയുടെ ഗുരുതര വെളിപ്പെടുത്തല്‍.
ലെഗ് സ്പിന്നറായ മിശ്രയുടെ അന്താരാഷ്ട്ര കരിയര്‍ കടുത്ത നിരാശയിലാണ് ആവസാനിച്ചത്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ബംഗളൂരുവിലാണ് മിശ്ര അവസാനമായി ഇന്ത്യക്കായി കളിച്ചത്. അന്ന് മത്സരത്തിനിടെ പരിക്കേറ്റതാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. അന്ന് പരിക്കേറ്റിരുന്നില്ല എങ്കില്‍ തനിക്ക് ദീര്‍ഘനാള്‍ ഇന്ത്യക്കായി കളിക്കാന്‍ സാധിക്കുമെന്നാണ് താരം വിശ്വസിക്കുന്നത്.
ഇന്ത്യയ്ക്കായി 22 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 76 വിക്കറ്റുകളും 36 ഏകദിനങ്ങളിൽ നിന്ന് 64 വിക്കറ്റും 10 ടി 20 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളും മിശ്ര നേടിയിട്ടുണ്ട്.
Content Highlights: former-indian-spinner-allegations-against-virat-kohli