പാകിസ്താന് തിരിച്ചടി; നിര്‍ണായക മത്സരത്തില്‍ നായകന്‍ ബാബര്‍ അസം കളിക്കില്ലേയെന്ന് ആശങ്ക

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്നോടിയായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിന് പനി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

പാകിസ്താന് തിരിച്ചടി; നിര്‍ണായക മത്സരത്തില്‍ നായകന്‍ ബാബര്‍ അസം കളിക്കില്ലേയെന്ന് ആശങ്ക
dot image

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പാകിസ്താന്‍ ടീമില്‍ വന്‍ അഴിച്ചുപണികള്‍ നടക്കുന്നതിനിടെ, ക്യാപ്റ്റന്‍ ബാബര്‍ അസമിന് പനി ബാധിച്ചതായി റിപ്പോര്‍ട്ട്. ബാബറിന് പനിയുണ്ടെന്ന് സ്ഥിരീകരിച്ച ടീം മാനേജര്‍ നവീദ് അക്രം, എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താരം വേഗത്തില്‍ സുഖം പ്രാപിക്കുമെന്നും വ്യക്തമാക്കി. സെപ്റ്റംബര്‍ 9 മുതല്‍ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി പരമ്പരയിലെ നാണംകെട്ട വൈറ്റ്വാഷ് ഒഴിവാക്കാനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നതിനിടയിലാണ് ടീമിനെ ആശങ്കയിലാക്കി ക്യാപ്റ്റന് പനി ബാധിച്ചത്.

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ടും ആറും റണ്‍സ് മാത്രമാണ് ബാബറിന് നേടാനായത്. മത്സരത്തില്‍ പാകിസ്താന്‍ 194 റണ്‍സിന് തോറ്റിരുന്നു. പരിക്കുമൂലം ആദ്യ ടെസ്റ്റ് നഷ്ടമായ ബാബറിന് പകരം സല്‍മാന്‍ അലി ആഗയാണ് അന്ന് ടീമിനെ നയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 193 റണ്‍സ് നേടി ബാബര്‍ തിളങ്ങിയിരുന്നു. എന്നാല്‍ 2022 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 161 റണ്‍സിന് ശേഷം ടെസ്റ്റില്‍ മൂന്നക്ക സംഖ്യ തികയ്ക്കാന്‍ ബാബറിന് സാധിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകളിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പകുതിയോളം കളിക്കാരെ ഒഴിവാക്കുകയും ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദ്, ബോളിംഗ് കോച്ച് ഉമര്‍ ഗുല്‍ എന്നിവരെ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് റിസ്വാന്‍, ഇമാം ഉള്‍ ഹഖ്, സല്‍മാന്‍ ആഗ, അമീര്‍ ജമാല്‍ എന്നിവരുള്‍പ്പെടെ ഏഴ് പ്രധാന കളിക്കാരെയാണ് പാകിസ്താന്‍ ടീമില്‍ നിന്ന് പുറത്താക്കിയത്. പകരം മുന്‍പ് അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത 5 പുതിയ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി. കൂടാതെ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് അഴിച്ചുപണികളില്‍ പ്രതിഷേധിച്ച് മുന്‍ നായകന്‍ മിസ്ബാഹുല്‍ ഹഖ് ദേശീയ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

content highlights: Fresh Blow for Pakistan: Babar Azam Down with High Fever Ahead of 3rd Test

dot image
To advertise here,contact us
dot image