

വിദേശ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തിന്‍റെ കാര്യത്തിൽ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറേക്കാൾ മികച്ച താരം വിരാട് കോഹ്‌ലിയാണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ്. തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ആർസിബിയിലെ മുൻ സഹതാരം കൂടിയായ കോഹ്‌ലിയുടെ പ്രകടനത്തെ പ്രശംസിച്ച് ഡിവില്ലിയേഴ്സ് രംഗത്തെത്തിയത്.
സച്ചിൻ ഇതിഹാസമാണ്, കണക്കുകളിൽ ഏറെ മുന്നിലുമാണ്. വിദേശത്തെ ബൗൺസുള്ള പിച്ചുകളിൽ ഏഷ്യൻ ബാറ്റർമാർക്കും തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചതും സച്ചിനാണ്. എന്നാൽ ആ വിശ്വാസത്തെ അടുത്ത തലത്തിലേക്ക് ഉയർത്തിയത് കോഹ്‌ലിയാണെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
കണക്കുകൾ പരിശോധിച്ചാൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിനാണ് റൺവേട്ടയിൽ മുന്നിൽ. സച്ചിന്‍റെ ആകെ റൺസിന്റെ 55 ശതമാനത്തോളവും (8,705 റൺസ്) വിദേശ മണ്ണിലായിരുന്നു. അതേസമയം 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് നേടിയ കോഹ്‌ലി, വിദേശത്ത് 66 മത്സരങ്ങളിൽ നിന്ന് 4,774 റൺസാണ് ആകെ നേടിയിട്ടുള്ളത്.
എന്നാൽ കണക്കുകൾക്കപ്പുറം വിദേശ ടെസ്റ്റ് പരമ്പരകളിൽ വിജയിക്കുന്ന ഒരു ടീമായി ഇന്ത്യയെ മാറ്റിയെടുക്കാൻ കോഹ്‌ലിയുടെ നേതൃത്വത്തിനും പ്രകടനത്തിനും സാധിച്ചുവെന്നാണ് ഡിവില്ലിയേഴ്സിന്റെ കണ്ടെത്തൽ.
content highlights: ab de villiers picks virat kohli over sachin tendulkar overseas tests