വേഗറാണിക്ക് ശരവേഗം വീടൊരുക്കി സിപിഐഎം; ഇന്ന് 'ദേവഭവന'ത്തിന് പാലുകാച്ചല്‍

വലിയ ആവേശത്തോടെയാണ് പാര്‍ട്ടി സഖാക്കള്‍ പ്രഖ്യാപനം ഏറ്റെടുത്തതെന്ന് സി വി വര്‍ഗീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു

വേഗറാണിക്ക് ശരവേഗം വീടൊരുക്കി സിപിഐഎം; ഇന്ന് 'ദേവഭവന'ത്തിന് പാലുകാച്ചല്‍
dot image

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിന് സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീട് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇന്ന് ഇടുക്കി കാല്‍വരിമൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വീടിന്റെ താക്കോല്‍ കൈമാറും. നേടിയെടുക്കുന്ന അംഗീകാരങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ അടച്ചുറപ്പുള്ള വീട് എന്ന ദേവനന്ദയുടെ സ്വപ്നമാണ് പൂവണിയുന്നത്.

38 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ റെക്കോര്‍ഡ് മറികടന്നായിരുന്നു ദേവപ്രിയ സ്‌കൂള്‍ കായികമേളയില്‍ വേഗറാണിയായത്. അപ്പോഴും തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടായിരുന്നില്ല. അതുവരെ കവറുകളിലും ചാക്കുകളിലുമായിരുന്നു ദേവപ്രിയയുടെ അംഗീകാരങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദേവനന്ദയുടെ നിസ്സഹായാവസ്ഥ റിപ്പോര്‍ട്ടറിലൂടെ കണ്ട സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ആണ് സ്വപ്നഭവനം എന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ഇടപെട്ടു.

കോഫി വിത്ത് അരുണ്‍ ഷോയിലൂടെയായിരുന്നു സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് സ്വപ്നഭവനം നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയത്. പത്തുമാസം കൊണ്ടാണ് സിപിഐഎം പ്രഖ്യാപിച്ച ഭവനം പൂര്‍ത്തിയായിരിക്കുകയാണ്. നാലു മുറികള്‍ ഉള്ള ദേവപ്രിയയുടെയും കുടുംബത്തിന്റെയും ദേവഭവനത്തിന്റെ താക്കോല്‍ ഇന്ന് പ്രതിപക്ഷ നേതാവ് ദേവപ്രിയയ്ക്ക് കൈമാറും. ഇനി അംഗീകാരങ്ങള്‍ ഓരോന്നായി നേടിയെടുക്കാം. അതൊക്കെ സൂക്ഷിച്ചു വയ്ക്കാന്‍ ഇവിടെ സുരക്ഷിതമായ ഒരു ഭവനം ഉയര്‍ന്നു കഴിഞ്ഞു.

വലിയ ആവേശത്തോടെയാണ് പാര്‍ട്ടി സഖാക്കള്‍ പ്രഖ്യാപനം ഏറ്റെടുത്തതെന്ന് സി വി വര്‍ഗീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെയും ആക്രിപെറുക്കിയും ജോലി ചെയ്തും ഡിവൈഎഫ്‌ഐക്കാരും മഹിളാ അസോസിയേഷനും കര്‍ഷക സംഘവും മറ്റുപാര്‍ട്ടി സഖാക്കളും ഒരുമിച്ചാണ് വീട് നിര്‍മ്മിച്ചത്. ഫര്‍ണ്ണിച്ചറും നല്‍കി. കായിക രംഗത്താണ് രണ്ട് കുട്ടികളും മികവ് പുലര്‍ത്തുന്നത്. ഇത് ഗ്രാമത്തിന്റെ ഉത്സവമായി മാറി. 11 മണിക്ക് പിണറായി വിജയന്‍ താക്കോല്‍ കൈമാറും എന്നും സി വി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. താന്‍ കരുതിയതിനേക്കാളും വലിയ വീട് ആണ് സിപിഐഎം ഒരുക്കി നല്‍കിയതെന്നും ഇത്ര പെട്ടെന്ന് വീടൊരുങ്ങുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വര്‍ഗീസ് സഖാവിന് നന്ദിയെന്നും ദേവനന്ദ പ്രതികരിച്ചു.

Content Highlights: The house constructed by CPIM for state school sports meet speed champion Devapriya Shaibu has been completed. The initiative aims to support the young athlete and recognise her achievements in sports

dot image
To advertise here,contact us
dot image