'ആദ്യ ദിനം യുവി കസേരയിൽ കയറി നിൽക്കാൻ പറഞ്ഞു'; തുറന്നു പറഞ്ഞ് ഷമി

ഇന്ത്യൻ ടീമിലെ സീനിയർ പേസർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി.

'ആദ്യ ദിനം യുവി കസേരയിൽ കയറി നിൽക്കാൻ പറഞ്ഞു'; തുറന്നു പറഞ്ഞ് ഷമി
dot image

ഇന്ത്യൻ ടീമിലെ സീനിയർ പേസർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. സമീപകാലത്ത് ഇന്ത്യൻ ടീമിൽ തുടരെ അവസരം നിഷേധിക്കപ്പെട്ട് പുറത്തു നിൽക്കുന്ന താരം കൂടിയാണ് ഷമി. താരത്തെ നിരന്തരം തഴയുന്ന ബിസിസിഐ തീരുമാനത്തിനെതിരെ താരത്തിനു പിന്തുണയുമായി ആരാധകരും മുൻ താരങ്ങളുമൊക്കെ രം​ഗത്തുണ്ട്.

ഇപ്പോൾ ആദ്യമായി ഇന്ത്യൻ ടീമിലെത്തിയപ്പോൾ ഡ്രസിങ് റൂമിൽ വച്ചുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തി ഷമി രം​ഗത്തെത്തി. താൻ വളർന്നു വരുമ്പോൾ ടിവിയിലും മറ്റും കണ്ട് ആരാധിച്ചിരുന്ന വലിയ താരങ്ങളെല്ലാം ഡ്രസിങ് റൂമിൽ ഒത്തുകൂടിയത് കണ്ടപ്പോൾ തനിക്ക് തുടക്കത്തിൽ വലിയ ടെൻഷനുണ്ടായെന്നു ഷമി ഓർക്കുന്നു.

'ഞാൻ ആദ്യമായി ഇന്ത്യൻ ടീമിലെത്തുമ്പോൾ കാര്യങ്ങൾ എങ്ങനെയാണെന്നു എനിക്കു വലിയ ധാരണയൊന്നുമില്ലായിരുന്നു. മത്സരത്തിനു തലേദിവസം ഒരു മീറ്റിങുണ്ടായിരുന്നു. ഞാൻ വാതിൽ തുറന്നു അകത്തേക്ക് കയറി ചുറ്റും നോക്കിയപ്പോൾ എന്റെ സ്വപ്നങ്ങളിൽ വരാത്ത ഒരാൾ പോലും അവിടെയുണ്ടായിരുന്നില്ല. ഞാൻ ഒതുങ്ങി നിശബ്ദനായി ഇരിക്കുകയായിരുന്നു. പെട്ടെന്നു യുവരാജ് സിങ് എന്നോടു ഒരു കസേരയുടെ മുകളിൽ കയറി നിൽക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തോടെ പറ്റില്ല എന്നു പറയാൻ സാധിക്കില്ലല്ലോ. അതിനാൽ അദ്ദേഹം പറഞ്ഞത് ഞാൻ അനുസരിച്ചു. അതിനുശേഷം അവിടെ നിന്ന് എല്ലാവർക്കും വേണ്ടി സ്വയം പരിചയപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.'

'എന്നാൽ ആ വലിയ താരങ്ങളെയെല്ലാം കണ്ട് എന്റെ മനസിലുണ്ടായിരുന്നതെല്ലാം ഞാൻ മറന്നുപോയിരുന്നു. എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. എന്റെ പേരും ഞാൻ എവിടെ നിന്നാണ് വരുന്നത് എന്നതു മാത്രമാണ് എനിക്ക് പറയാൻ സാധിച്ചത്, ഷമി പറഞ്ഞു.

2013 ജനുവരി ആറിന് ഡൽഹിയിൽ പാകിസ്ഥാനെതിരായ ഏകദിന പോരാട്ടത്തിലാണ് ഷമി ഇന്ത്യക്കായി അരങ്ങേറിയത്. അതേവർഷം തന്നെ നവംബർ ആറ് മുതൽ എട്ട് വരെ കൊൽക്കത്ത ഈഡൻ ​ഗാർഡൻസിൽ വച്ച് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പോരാട്ടത്തിൽ റെ‍ഡ് ബോൾ ക്രിക്കറ്റിലും താരം അരങ്ങേറി.

ഇന്ത്യക്കായി 64 ടെസ്റ്റ് മത്സരങ്ങളും 108 ഏകദിനങ്ങളും 25 ടി20 മത്സരങ്ങളും കളിച്ച താരമാണ് ഷമി. ടെസ്റ്റിൽ 229 വിക്കറ്റുകൾ. ഏകദിനത്തിൽ ആകെ 206 വിക്കറ്റുകൾ. ടി20യിൽ 27 വിക്കറ്റുകളും താരം സ്വന്തമാക്കി. 2025 മാർച്ച് 9നു ദുബൈയിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്.

content highlights:yuvraj singh made me stand on chair first day shami revelation

dot image
To advertise here,contact us
dot image