

ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള ഇന്ത്യൻ പേസർമാർ പരിക്കിന്റെ പിടിയിലായിട്ടും സീനിയർ പേസ് ബൗളർ മുഹമ്മദ് ഷമിയെ തുടർച്ചയായി അവഗണിക്കുന്ന സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. സെലക്ടർമാർ പുറത്തുനിർത്തിയാലും ഷമി പ്രതീക്ഷ കൈവിടരുതെന്ന് സഹീർ ഖാൻ ഉപദേശിച്ചു.
തുടർച്ചയായി മത്സരങ്ങൾ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുക എന്നതാണ് കളിക്കാരന് ചെയ്യാവുന്നത്. ടീം മാനേജ്‌മെന്‍റിന്‍റെ ചിന്തകൾ വ്യത്യസ്തമാകാം, പക്ഷേ ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങളുടെ സമീപനമാണ് പ്രധാനം. രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആഭ്യന്തര മത്സരങ്ങളിൽ തുടർച്ചയായി കളിക്കുക. ഷമി ഇപ്പോൾ ചെയ്യുന്നത് അതുതന്നെയാണ്, അത് തുടരുക- സഹീർ പറഞ്ഞു.
ഇന്ത്യൻ താരങ്ങൾക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിനെ കുറിച്ചും സഹീർ ഖാൻ പ്രതികരിച്ചു. ജോലിഭാരം ക്രമീകരിക്കുകയും കളിക്കാരുടെ പരിക്കുകളുടെ യഥാർഥ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടതെന്നും സഹീർ വ്യക്തമാക്കി. പരിക്കുകൾ കളിക്കാരുടെ കരിയറിന്റെ ഭാഗമാണെന്നും എന്നാൽ ഇന്ത്യൻ ടീമിൽ ഇപ്പോഴത് അനിയന്ത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights: zaheer khan advises mohammed shami despite selectors neglect