

ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ബ്രണ്ടന്‍ മക്കല്ലം പടിയിറങ്ങി. എന്നാല്‍ ഇംഗ്ലണ്ടിന്റെ ഏകദിന-ടി20 ടീമുകളുടെ പരിശീലകനായി അദ്ദേഹം തുടരും. 2022-ലാണ് മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ആക്രമണാത്മക ശൈലിയായ 'ബാസ്ബോള'ലൂടെ ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ അദ്ദേഹം മാറ്റിയിരുന്നു. മക്കല്ലം ചുമതലയേല്‍ക്കുന്നതിന് മുന്‍പുള്ള 17 മത്സരങ്ങളില്‍ വെറും ഒരു വിജയം മാത്രമായിരുന്ന ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. എന്നാല്‍ മക്കല്ലത്തിന്റെ കീഴില്‍ കളിച്ച ആദ്യ 13 ടെസ്റ്റുകളില്‍ 11 എണ്ണത്തിലും വിജയിക്കാന്‍ ഇംഗ്ലണ്ടിനായി.
എന്നാല്‍, സമീപകാത്ത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം മോശമായിരുന്നു. അവസാനം കളിച്ച 12 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മക്കല്ലത്തിന്റെ ടീം വിജയിച്ചത്. എട്ട് മത്സരങ്ങളില്‍ അവര്‍ പരാജയപ്പെട്ടു. ഇതില്‍ സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ നേരിട്ട 2-1 ന്റെ പരമ്പര തോല്‍വിയും, ഓസ്ട്രേലിയയില്‍ നേരിട്ട 4-1 ന്റെ ആഷസ് പരമ്പര തോല്‍വിയും ഉള്‍പ്പെടുന്നു. 'വളരെ ആവേശകരമായ ഒരു കാലഘട്ടത്തിലൂടെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന് പുതിയൊരു ജീവന്‍ നല്‍കാന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് കഴിഞ്ഞു. ആ പദവിയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നു. അടുത്ത വേനല്‍ക്കാലത്ത് നടക്കാനിരിക്കുന്ന ആഷസ് പരമ്പരയിലെ വിജയം ലക്ഷ്യമിടുന്നതിനാല്‍, ടെസ്റ്റ് ടീമില്‍ മാറ്റം വരുത്താന്‍ അനുയോജ്യമായ സമയമാണിത്' -ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിച്ചാര്‍ഡ് ഗൗള്‍ഡ് പറഞ്ഞു.
ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജിങ് ഡയറക്ടര്‍ റോബ് കീയും മക്കല്ലത്തിന് നന്ദി അറിയിച്ചു. ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍ മക്കല്ലത്തിന്റെ കീഴിലാണ് ഉണ്ടായതെന്നും, അദ്ദേഹം ടെസ്റ്റ് ടീമിനെ മികച്ചൊരു അടിത്തറയിലാണ് നിര്‍ത്തിയിരിക്കുന്നതെന്നും റോബ് കീ വ്യക്തമാക്കി.
ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലകനായിരുന്ന കാലയളവില്‍ ഏറെ അഭിമാനമുണ്ടെന്ന് മക്കല്ലം പ്രതികരിച്ചു. പിന്തുണച്ച കളിക്കാര്‍ക്കും സ്റ്റാഫിനും ആരാധകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. സ്ഥാനമൊഴിയുന്നതില്‍ നിരാശയുണ്ടെങ്കിലും ഇസിബി-യുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും, ഇനി തന്റെ മുഴുവന്‍ ശ്രദ്ധയും ഇംഗ്ലണ്ടിന്റെ ഏകദിന,ടി20 ക്രിക്കറ്റ് മത്സരങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
content highlights: Brendon McCullum sacked; England Test team to get a new head coach