

പയ്യന്നൂര്‍: സി വി ധനരാജ് രക്തസാക്ഷിത്വദിന അനുസ്മരണത്തില്‍ സിപിഐഎം നേതാക്കളുടെ സമൂഹ മാധ്യമ പോസ്റ്റില്‍ വിമര്‍ശനം. പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്റെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെയും പോസ്റ്റുകള്‍ക്ക് താഴെയായാണ് വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. രക്ഷസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിമര്‍ശനം കടുത്തതിന് പിന്നാലെ മധുസൂദനന്‍ കമന്റ് ബോക്‌സ് പൂട്ടുകയും വിമര്‍ശനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ രക്തസാക്ഷി ഫണ്ട് വിവാദം ഉയര്‍ത്തിയതിന് ശേഷം വരുന്ന രക്തസാക്ഷിത്വദിന അനുസ്മരണത്തിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റുകള്‍. രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ ആരോപണവിധേയനാണ് ടി ഐ മധുസൂദനന്‍.
സിപിഐഎമ്മിന്റെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍, നിരവധി സൈബര്‍ ഹാന്‍ഡിലുകള്‍ എന്നിവയില്‍ നിന്നുമാണ് വിമര്‍ശന കമന്റുകള്‍ ഉണ്ടായത്. 'സിപിഐഎമ്മിന്റെ ഉറച്ച മണ്ഡലമായ പയ്യന്നൂര്‍ പോലുള്ള മണ്ഡലം യുഡിഎഫിന്റെ കയ്യിലെത്തിക്കാന്‍ നേതൃത്വം കൊടുത്തത് രക്തസാക്ഷികളുടെ ഫണ്ട് മുക്കിയ, രാജേഷും മധുസൂദനനുമാണെ'ന്ന തരത്തിലുള്ള കമന്റുകളടക്കം പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
'ധനരാജിനെ വിറ്റ് കാശാക്കി, പയ്യന്നൂരിലെ വിവാദ വിഷയങ്ങളില്‍ നിങ്ങളെടുത്ത നിലപാട് കൊണ്ട് ഒരു ലൈക്ക് അടിക്കാന്‍ പോലും തോന്നുന്നില്ല' എന്നടക്കം കമന്റുകള്‍ പോസ്റ്റിന് താഴെ വന്നിരുന്നു. കെ കെ രാഗേഷിനെ ലക്ഷ്യമിട്ട് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോകണമെന്ന ആവശ്യവും ചിലര്‍ ഉന്നിയിച്ചിട്ടുണ്ട്. മാത്രമല്ല വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന്റെ കാരണം ചോദിക്കുന്ന കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് വിശദീകരിക്കാനോ വ്യക്തവരുത്താനോ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. ഈ ഘട്ടത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇത്തരം കമന്റുകള്‍ വന്നത്. നിലവില്‍ മധുസൂദനന്റെ സുഹൃത്തുക്കള്‍ക്ക് മാത്രം കമന്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് സെറ്റിങ്‌സില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മോശമായി ശ്രദ്ധയില്‍പ്പെട്ട കമന്റുകള്‍ നീക്കം ചെയ്ത ശേഷം ബാക്കി കമന്റുകള്‍ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്. അതേസമയം വിമര്‍ശനങ്ങള്‍ കനത്തിട്ടും പോസ്റ്റുകളില്‍ കെ കെ രാഗേഷ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ധനരാജ് ജീവന്‍ നല്‍കി സംരക്ഷിച്ച പയ്യന്നൂരിലേക്ക് കടന്നുകയറാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന വര്‍ഗീയരാഷ്ട്രീയത്തിനൊപ്പം ചേര്‍ന്ന്, ധനരാജിന്റെ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കള്ളപ്രചാരണങ്ങളുമായി 'യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍' എന്ന് അവകാശപ്പെടുന്നവര്‍ കൂട്ടുചേര്‍ന്നുവെന്നാണ് കെ കെ രാഗേഷ് അനുസ്മരണ പോസ്റ്റില്‍ പറയുന്നത്.
Content Highlights: CPIM leaders have come under criticism over their social media posts marking the remembrance of C V Dhanaraj. The posts have triggered political reactions, leading to criticism and renewed discussion on the issue.