

ഓണ്‍ലൈന്‍ വായ്പകള്‍ തിരിച്ചടക്കാനാരംഭിച്ച് രാജ്യത്തെ വായ്പകര്‍. ഓണ്‍ലൈന്‍ വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് പ്രവണത മെച്ചപ്പെട്ടതായുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നു. എന്നാല്‍ ഈ പുരോഗതിക്കൊപ്പം, ഉയര്‍ന്ന അപകടസാധ്യതയുള്ള വായ്പകാരുടെ ആധിപത്യം തുടരുകയാണ്.
ഡിജിറ്റല്‍ വ്യക്തിഗത വായ്പകളെ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റ്
(FACE) ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം, 90 ദിവസത്തിലധികം കുടിശ്ശികയായ ഡിജിറ്റല്‍ വ്യക്തിഗത വായ്പകളുടെ വിഹിതം 2023 മാര്‍ച്ചിലെ 3.3 ശതമാനത്തില്‍ നിന്ന് 2026 മാര്‍ച്ചില്‍ 1.4 ശതമാനമായി കുറഞ്ഞു. എങ്കിലും, 2026 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച മൊത്തം വായ്പാ തുകയുടെ ഏകദേശം 60 ശതമാനവും ഇടത്തരം- ഉയര്‍ന്ന അപകടസാധ്യതയുള്ള വായ്പകളാണ്.
പ്രധാന ആസ്തി ഗുണനിലവാര സൂചകങ്ങളില്‍ (Asset Quality Indicators) പുരോഗതി ഉണ്ടായിട്ടും, വായ്പകാരുടെ ഈ സ്വഭാവം മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2026ല്‍ ഡിജിറ്റല്‍ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ 2.15 ലക്ഷം കോടി രൂപ മൂല്യമുള്ള 13.2 കോടി വ്യക്തിഗത വായ്പകള്‍ അനുവദിച്ചു. മാര്‍ച്ച് 2026ഓടെ ഈ മേഖലയിലെ കുടിശ്ശിക വായ്പാ പോര്‍ട്ട്‌ഫോളിയോ 29 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.43 ലക്ഷം കോടി രൂപയിലെത്തി.
ഡിജിറ്റല്‍ എന്‍ബിഎഫ്‌സികള്‍ തങ്ങളുടെ സ്വന്തം വായ്പാ ആപ്പുകളിലൂടെയോ മറ്റ് ലെന്‍ഡിങ്് സര്‍വീസ് പ്രൊവൈഡര്‍മാരുമായോ ആപ്പുകളുമായോ സഹകരിച്ചോ നല്‍കുന്ന സുരക്ഷിതത്വമില്ലാത്ത (Unsecured) വ്യക്തിഗത വായ്പകളെയാണ് ഡിജിറ്റല്‍ വ്യക്തിഗത വായ്പകള്‍ എന്ന് വിളിക്കുന്നത്. ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണമാവുന്നത് ഡിജിറ്റല്‍ എന്‍ബിഎഫ്‌സികളാണ്.
ഈ മേഖലയിലെ വളര്‍ച്ച, വായ്പയുടെ വലുപ്പത്തെക്കാള്‍ വേഗതയെയും ലഭ്യതയെയും ആശ്രയിച്ചാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത വായ്പാ അംഗീകാരങ്ങളുടെ എണ്ണത്തില്‍ 77 ശതമാനവും ഡിജിറ്റല്‍ വായ്പാദാതാക്കളുടേതായിരുന്നു. എന്നാല്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ വിഹിതം 19 ശതമാനം മാത്രമായിരുന്നു. മറുവശത്ത്, ബാങ്കുകള്‍ വായ്പാ അംഗീകാരങ്ങളുടെ എണ്ണത്തില്‍ വെറും 8 ശതമാനം പങ്ക് മാത്രമുണ്ടായിരുന്നെങ്കിലും, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 61 ശതമാനം വിഹിതം കൈവശം വെച്ചു.
ശരാശരി വായ്പാ തുക 2023 സാമ്പത്തിക വര്‍ഷത്തിലെ 12,945 രൂപയില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 16,238 രൂപയായി ഉയര്‍ന്നു.
ഇപ്പോള്‍ അനുവദിച്ച മൊത്തം വായ്പാ തുകയുടെ പകുതിയിലധികവും 50,000 രൂപയിലധികം വായ്പയെടുക്കുന്നവരില്‍ നിന്നാണ്. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തിലധികം മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയും കുറഞ്ഞ റിസ്‌ക്ക് പ്രൊഫൈലുകളും ഉണ്ട്. ചെറിയ വായ്പ എടുത്തിരുന്നവര്‍ കൂടുതല്‍ പക്വതയുള്ള വായ്പകരിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlights: Digital personal loan repayments improved significantly in FY26, with overdue accounts falling to 1.4%, but nearly 60% of loan disbursements still went to medium- and high-risk borrowers, highlighting ongoing challenges in India's digital lending sector