

കല്‍പ്പറ്റ: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം. 'ഡല്‍ഹിയിലേക്ക് വിളിപ്പിക്കണം എന്നില്ല, അവിടെയിരുന്ന് ജസ്റ്റ് ഫോണ്‍ കോളില്‍, ഒരു 10 ബൂത്ത് പ്രസിഡന്റ്‌റുമാരെ..', എന്നാണ് ജഷീർ ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ജഷീര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പത്രിക പിന്‍വലിക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസ്സിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഒൻപതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്.
അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും എത്തുക.
തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്‌ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നുണ്ട്.
Content Highlights: Jasheer Pallivayal mocking congress over CM discussion