എനിക്കുമേല്‍ വലിയ സമ്മര്‍ദ്ദം; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം ഫിന്‍ അലന്‍

ഫിന്‍ അലന്റെ സെഞ്ചുറി മികവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടര്‍ച്ചയായ നാലാം മത്സരവും ജയിച്ചത്

എനിക്കുമേല്‍ വലിയ സമ്മര്‍ദ്ദം; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം ഫിന്‍ അലന്‍
dot image

പ്ലേ ഓഫിലേക്കെത്താനാകുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ക്കൂടി ജയിച്ചപ്പോള്‍ അവരുടെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. മത്സരത്തില്‍ ഫിന്‍ അലന്റെ സെഞ്ചുറിയാണ് ടീമിന് കരുത്തായത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ 47 പന്തിലാണ് താരം 100 റണ്‍സ് തികച്ചത്. ഫിന്‍ അലന്റെ ഒറ്റയാള്‍പ്പോരാട്ടത്തില്‍ കൊല്‍ക്കത്ത ജയിച്ചുകയറിയപ്പോള്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത ഇതോടെ മങ്ങി.

'ആദ്യരണ്ടു വിക്കറ്റുകള്‍ക്ക് ശേഷം എനിക്ക് മത്സരത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ട സാഹചര്യമുണ്ടായെന്ന് ഫിന്‍ അലന്‍ പറഞ്ഞു. തുടക്കംമുതല്‍ത്തന്നെ മികച്ച പ്രകടനത്തിനായിരുന്നു ശ്രമിച്ചത്. ആദ്യമെല്ലാം വലിയ വെല്ലുവിളി നേരിട്ടു. നന്നായി ശ്രദ്ധിച്ചുകൊണ്ടാണ് ഡല്‍ഹിക്കെതിരെ ബാറ്റിങ്ങിലേക്ക് ചുവടുവെച്ചത്. മികച്ച സ്‌കോര്‍ കണ്ടെത്താനും ടീമിനെ ജയിപ്പിക്കാനുമായി ഞാന്‍ എന്നെത്തന്നെ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു' -ഫിന്‍ അലന്‍ മത്സരശേഷം പറഞ്ഞു. ഈ ഐപിഎല്‍ സീസണില്‍ ഫിന്‍ അലന്റെ ഏഴാമത്തെ മത്സരമായിരുന്നു കഴിഞ്ഞദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വന്‍ പ്രതീക്ഷകളോടെ കാത്തിരുന്ന ഫിന്‍ അലന്റെ ഇന്നിങ്‌സുകള്‍ പക്ഷെ, പലപ്പോഴും ദുര്‍ബലമായിരുന്നു. കളിച്ച ഏഴില്‍ മൂന്നുമത്സരങ്ങളിലും വെറും ഒറ്റയക്കം മാത്രമാണ് നേടിയത്. ശരാശി പ്രകടനമായിരുന്നു മറ്റുള്ളവയെങ്കിലും ഫിന്‍ അലനില്‍നിന്ന് കൊല്‍ക്കത്ത വലിയ പ്രതീക്ഷര്‍പ്പിച്ചിരുന്നു. ആറുമത്സരങ്ങളില്‍നിന്ന് വെറും 110 റണ്‍സ് മാത്രമാണ് ഫിന്‍ അലനെന്ന വെടിക്കെട്ട് ബാറ്റര്‍ സ്‌കോര്‍ ചെയ്തത്. ടീമിന്റെ വിജയത്തിന് ഫിന്‍ അലന്റെ ഇന്നിങ്‌സ് നിര്‍ണായകമാണെന്നിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഫിന്‍ അലന്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശി.

മത്സരത്തില്‍ പതിയെത്തുടങ്ങിയെങ്കിലും പെട്ടന്നുതന്നെ ഗ്രൗണ്ടിലെ സ്ഥിതി മനസ്സിലാക്കിയാണ് ഫിന്‍ അലന്‍ കൂറ്റനടികള്‍ക്ക് മുതിര്‍ന്നത്. പത്തുസിക്‌സറുകള്‍ അടിച്ചെടുത്ത ഫിന്‍ അലന്റെ ഇന്നിങ്‌സിനെ കൊല്‍ക്കത്ത ടീം ഒന്നടങ്കം അഭിനന്ദിച്ചു. അജിന്‍ക്യ രഹാനെയും (13) അന്‍ക്രിഷ് രഘുവംശിയും (ഒന്ന്) നിരാശപ്പെടുത്തിയ മത്സരത്തില്‍ കാമറൂണ്‍ ഗ്രീന്‍ (33) മാത്രമാണ് ഫിന്‍ അലനൊപ്പം പിടിച്ചുനിന്നത്. ഇത് മത്സരം ജയിപ്പിക്കുന്നതിന് നിര്‍ണായകമായി. നിലവിലെ ഐപിഎല്‍ സീസണില്‍ ബുദ്ധിമുട്ടേറിയതായിരുന്നു കൊല്‍ക്കത്തയുടെ ആദ്യമത്സരങ്ങള്‍. തുടര്‍ത്തോല്‍വികള്‍ ടീമിനെ ക്ഷീണിപ്പിച്ചെങ്കിലും പതിയെ താളം കണ്ടെത്തി മത്സരങ്ങളിലേക്ക് തിരിച്ചെത്താനായി.

content highlights: "I am under great pressure"; Finn Allen after the match against Delhi Capitals

dot image
To advertise here,contact us
dot image