

2026 ഐപിഎൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മോശം ഫോമിന് പിന്നാലെ എൽഎസ്ജി പേസർ മായങ്ക് യാദവിനെ വിമർശിച്ച് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. സീസണിൽ ഇതുവരെ എട്ട് ഓവർ എറിഞ്ഞ താരം 106 റൺസാണ് വഴങ്ങിയത്. ബെംഗളുരുവിനെതിരെ അവസാനം കളിച്ച മത്സരത്തിൽ ഒരു വിക്കറ്റ് പോലും നേടാതെ നാല് ഓവർ എറിഞ്ഞ മായങ്ക് വഴങ്ങിയത് 50 റൺസായിരുന്നു.
'ഈ സീസണിൽ ഇതുവരെ 8 ഓവറിൽ 106 റൺസാണ് മായങ്ക് യാദവ് വഴങ്ങിയത്. ഇത്തരമൊരു താരത്തെ പ്രധാന ബൗളറായി ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ് നിലനിർത്തുന്നതിലെ യുക്തിയെന്ത്?, ആകാശ് ചോപ്ര ചോദ്യമുയർത്തി. മായങ്കിന് പുറമെ ദിഗ്‌വേഷ് രതിയും നാല് ഓവറിൽ ഒരു വിക്കറ്റ് പോലും നേടാനാകാതെ 50 റൺസ് വാങ്ങിയിരുന്നു. ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 19 ഓവറിൽ 203 റൺസെടുക്കാനേ സാധിച്ചിരുന്നുള്ളു.
മെയ് പത്തിന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയാണ് ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിന്റെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്. നിലവിൽ പത്ത് മത്സരങ്ങൾ നിന്നായി പത്ത് പോയിന്റാണ് ചെന്നൈയുടെ സമ്പാദ്യം. പത്തിൽ അഞ്ച് ജയം അഞ്ച് തോൽവിയുമായി സിഎസ്കെയുടെ പക്കലുള്ളത്. അതേസമയം പട്ടികയിൽ അവസാന സ്ഥാനത്തവും ഋഷഭ് പന്തിന്റെ ലഖ്‌നൗ. പത്ത് മത്സരങ്ങളിൽ നിന്നായി മൂന്ന് ജയവും ഏഴ് തോൽവിയുമടക്കം ആറ് പോയിന്റാണ് അവരുടെ അക്കൗണ്ടിൽ ഉള്ളത്.
Content highlight: Akash Chopra questions Mayank Yadav place in LSG after poor performance