സിക്‌സര്‍ തൂക്കി അഭിഷേക്, റെക്കോഡിലേക്കുള്ള യാത്ര; മുന്നില്‍ രോഹിതും സഞ്ജുവും കോഹ്ലിയും

ഇന്ത്യയില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയത് രോഹിത് ശര്‍മ (388)

സിക്‌സര്‍ തൂക്കി അഭിഷേക്, റെക്കോഡിലേക്കുള്ള യാത്ര; മുന്നില്‍ രോഹിതും സഞ്ജുവും കോഹ്ലിയും
dot image

മികച്ച ബാറ്റിങ് പ്രകടനത്തോടെയാണ് ഐപിഎലില്‍ അഭിഷേക് ശര്‍മ കുതിക്കുന്നത്. 11 മത്സരങ്ങളില്‍നിന്ന് ഇതുവരെ എടുത്തത് 475 റണ്‍സാണ്. അതില്‍ 36 സിക്‌സറുകളുണ്ട്. ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ താരമാണ് നിലവില്‍ അഭിഷേക് ശര്‍മ. ആദ്യസ്ഥാനം വൈഭവ് സൂര്യവംശിക്കാണ്. 37 സിക്‌സറുകളാണ് താരം നേടിയത്.

എന്നാല്‍ അഭിഷേക് ശര്‍മ പിന്നിട്ട നാഴികക്കല്ല് അതൊന്നുമല്ല, ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 മത്സരങ്ങളില്‍ 300 സിക്‌സുകള്‍ നേടുന്ന ആറാമത്തെ ബാറ്ററെന്ന നേട്ടമാണ് അഭിഷേകിന് സ്വന്തമായത്. പഞ്ചാബിനെതിരെ ബുധനാഴ്ച നടന്ന ഐപിഎല്‍ മത്സരത്തിലായിരുന്നു പുതിയ നാഴികക്കല്ലിലേക്കെത്തിയത്. 302 സിക്‌സറുകളാണ് താരത്തിന്റെ പേരിലുള്ളത്. പഞ്ചാബിനെതിരായ മത്സരത്തില്‍ 13 പന്തില്‍ 35 റണ്‍സ് നേടിയ അഭിഷേക് നാല് സിക്‌സറുകള്‍ പറത്തിയാണ് പുതിയ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയില്‍ കൂടുതല്‍ ട്വന്റി 20 സിക്‌സുകളുടെ റെക്കോഡ് രോഹിത് ശര്‍മയുടെ പേരിലാണ്; 388 സിക്‌സുകളാണ് ഇന്ത്യന്‍താരം നേടിയത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ 357 സിക്‌സറുകള്‍ നേടിയിട്ടുണ്ട്. വിരാട് കോലി (348), സഞ്ജു സാംസണ്‍ (337), സൂര്യകുമാര്‍ യാദവ് (317) എന്നിവരാണ് 300 സിക്‌സര്‍ ക്ലബ്ബിലുള്ള മറ്റു താരങ്ങള്‍.
2018-ലാണ് അഭിഷേക് ശര്‍മ ഐപിഎലില്‍ അരങ്ങേറിയത്. ഈ സീസണില്‍ കളിച്ച 11 മത്സരങ്ങളില്‍നിന്ന് 475 റണ്‍സാണ് സ്വന്തമാക്കിയത്. ഒരു സെഞ്ചറിയും മൂന്ന് അര്‍ധ സെഞ്ചറികളും ഈ സീസണില്‍ അഭിഷേക് നേടി. 43 ഫോറുകളും നേടിയാണ് അഭിഷേക് ഈ സീസണില്‍ കുതിപ്പ് നടത്തുന്നത്.

ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ ഹൈദരാബാദ് താരങ്ങളുടെ ആധിപത്യമാണ്. ആദ്യസ്ഥാനത്ത് ഹെന്റിച്ച് ക്ലാസനാണ്. നാലാം സ്ഥാനത്ത് ഇഷാന്‍ കിഷനുമുണ്ട്. ആദ്യ അഞ്ചില്‍ കെഎല്‍ രാഹുലും വൈഭവ് സൂര്യവംശിയുമുണ്ട്. ആറാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍.

content highlights: Abhishek Smashes Sixes, Journey Towards Records; Rohit, Sanju, and Kohli Lead the Way

dot image
To advertise here,contact us
dot image