സിക്‌സറില്‍ പരിക്കേറ്റു, ആരാധകനെ ക്ഷണിച്ച് പ്രീതി സിന്റ; ധര്‍മശാലയിലേക്ക് കളികാണാനെത്തും

പഞ്ചാബ് കിങ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയാണ് പന്ത് കൊണ്ട് ആരാധകന് പരിക്കേറ്റത്

സിക്‌സറില്‍ പരിക്കേറ്റു, ആരാധകനെ ക്ഷണിച്ച് പ്രീതി സിന്റ; ധര്‍മശാലയിലേക്ക് കളികാണാനെത്തും
dot image

ന്യൂ ചണ്ഡീഗഡിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍വെച്ചാണ് 62-കാരനായ കൃഷന്‍ ചന്ദിന് പരിക്കേറ്റത്. പഞ്ചാബ് കിങ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയാണ് പന്ത് കൊണ്ട് ആരാധകന് പരിക്കേറ്റത്. നാലാം ഓവറിലാണ് സംഭവം. പ്രിയാന്‍ഷ് ആര്യയുടെ ബാറ്റില്‍നിന്ന് പറന്ന സിക്‌സ് ഹര്‍ഭജന്‍ സ്റ്റാന്‍ഡ് എയിലേക്ക് പറന്ന് കൃഷന്‍ ചന്ദിന്റെ മുഖത്ത് തട്ടുകയായിരുന്നു. രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചികിത്സ തേടി. സിവില്‍ ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കണ്ണിനോട് ചേര്‍ന്ന് പരിക്കേറ്റ ആരാധകന്‍ സുഖംപ്രാപിച്ചുവരികയാണെന്ന് പഞ്ചാബ് കിങ്‌സ് അറിയിച്ചു.

അതേസമയം, പരിക്കേറ്റ കൃഷന്‍ ചന്ദിനെ ബന്ധപ്പെട്ടിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് മാനേജ്‌മെന്റ്. പഞ്ചാബ് കിങ്‌സിന്റെ സഹ ഉടമ പ്രീതി സിന്റയും ഓപ്പണിങ് ബാറ്ററായ പ്രിയാന്‍ഷ് ആര്യയുമാണ് ആരാധകനെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. പഞ്ചാബ് കിങ്‌സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ആശിഷ് തുലിയും വീഡിയോ കോളില്‍ ചേര്‍ന്നു. ആരാധകനോട് സുഖവിവരങ്ങള്‍ അന്വേഷിച്ച പഞ്ചാബ് മാനേജ്‌മെന്റ് അദ്ദേഹത്തെ കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചു. അപകടം നടന്നയുടന്‍, പ്രീതി സിന്റയും പ്രിയാന്‍ഷ് ആര്യയും കൃഷന്‍ ചന്ദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പിന്നീടാണ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. കൃഷന്‍ ചന്ദിനെ കളി കാണാന്‍ ക്ഷണിച്ച പ്രീതി സിന്റ അദ്ദേഹത്തിന് ഹെല്‍മറ്റ് തയ്യാറാക്കി വെക്കാമെന്ന തമാശ പറഞ്ഞത് ചിരിപടര്‍ത്തി. വീഡിയോ കോള്‍ ചെയ്യുന്നത് പഞ്ചാബ് കിങ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.

ഒട്ടേറെ ക്രിക്കറ്റ് പ്രേമികളാണ് ഇതിന് പിന്തുണയുമായെത്തിയത്. പഞ്ചാബ് മാനേജ്‌മെന്റിന്റെ നടപടി വലിയ കൈയടിയാണ് നേടുന്നത്.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യ വെറും 37 പന്തില്‍ ഒമ്പത് സിക്‌സും നാല് ഫോറുകളുമായി 93 റണ്‍സെടുത്തിരുന്നു. അന്ന് കളിയിലെ താരമായതും അദ്ദേഹമായിരുന്നു.

content highlights: Injured by a six, Preity Zinta invites fan; Will visit Dharamshala to watch the match

dot image
To advertise here,contact us
dot image