

160 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റുചെയ്ത ചെന്നെ സൂപ്പര്‍ കിങ്‌സിന് തുടക്കത്തില്‍ത്തന്നെ സഞ്ജു സാംസണിനെ നഷ്ടപ്പെട്ടിരുന്നു. ഉര്‍വില്‍ പട്ടേലും ക്രീസിലെത്തി ആഞ്ഞടിച്ച് വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും 24 റണ്‍സെടുത്ത് പുറത്തായി. ഈ സമയത്താണ് ഡെവാള്‍ഡ് ബ്രെവിസിനും ശിവം ദുബെയ്ക്കും മുമ്പ് കാര്‍ത്തിക് ശര്‍മയെ ഇംപാക്ട് പ്ലെയറായി കളത്തിലിറക്കാന്‍ സിഎസ്‌കെ തീരുമാനിച്ചത്. ഇത് അക്ഷരാര്‍ഥത്തില്‍ ശരിയായ തീരുമാനവുമായി. റുതുരാജ് ഗെയ്ക്വാദിനൊപ്പം കാര്‍ത്തിക് ശര്‍മയുടെ ഇന്നിങ്‌സ് ടീമിനെ ജയിപ്പിച്ചു. 40 പന്തില്‍ 54 റണ്‍സാണ് കാര്‍ത്തിക് ശര്‍മ എടുത്തത്.
താരത്തിന്റെ പ്രകടനത്തെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് അഭിനന്ദിച്ചു. ഞങ്ങള്‍ക്ക് മികച്ച യുവതാരങ്ങളുണ്ടെന്നും അവര്‍ നടത്തുന്ന പ്രകടനങ്ങള്‍ നിര്‍ണായകമാണെന്നും ഫ്‌ളെമിങ് പറഞ്ഞു. കാര്‍ത്തിക് ശര്‍മ മികച്ച താരമാണെന്നും അടുത്ത മത്സരങ്ങളില്‍ അദ്ദേഹം കൂടുതല്‍ മെച്ചപ്പെടുമെന്നും ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.
ബാറ്റിങ്ങില്‍ കാര്‍ത്തിക് ശര്‍മയും ബൗളിങ്ങില്‍ അന്‍ഷുല്‍ കംബോജും കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും കോച്ച് ഫ്‌ളെമിങ് ചൂണ്ടിക്കാട്ടി. ഇത് ഞങ്ങള്‍ക്ക് അത്ഭുതമല്ലെന്നും തങ്ങള്‍ ആഗ്രഹിച്ച പോരാട്ടമാണ് യുവതാരങ്ങള്‍ കാഴ്ചവെക്കുന്നതെന്നും കോച്ച് പറഞ്ഞു. ഐപിഎലില്‍ അരങ്ങേറ്റം കുറിച്ച രാമകൃഷ്ണ ഘോഷിന്റെ പ്രകടനത്തെയും കോച്ച് പ്രശംസിച്ചു. മൂന്നോവര്‍ എറിഞ്ഞ താരം 24 റണ്‍സ് മാത്രം വഴങ്ങി സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് വീഴ്ത്തി. അടുത്ത മത്സരങ്ങളില്‍ താരം കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും ഇത് ടീമിന്റെ പ്രകടനത്തിന് ഗുണകരമാകുമെന്നും ഫ്‌ളെമിങ് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനെതിരായ ജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനും സാധിച്ചു. അതേസമയം, ഐപിഎലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ വീണ്ടും തോറ്റതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. വാംഖഡെയുല്‍ നടന്ന ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ 103 റണ്‍സിനാണ് ടീം തോറ്റിരുന്നത്. അന്ന് സഞ്ജു സാംസണിന്റെ പോരാട്ടമാണ് ചെന്നൈയ്ക്ക് നിര്‍ണായകമായത്.
content highlights: We are happy with his performance; Coach's praise following Chennai's victory