

ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ അഞ്ജാത വസ്തുക്കള്‍ കണ്ടാല്‍ നീക്കം ചെയ്യാനോ സ്പര്‍ശിക്കാനോ പാടില്ലന്ന് ആഭ്യന്തര മന്ത്രാലയം. ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പൊതുജനങ്ങള്‍ക്കും കടലില്‍ പോകുന്നവര്‍ക്കും മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം വസ്തുക്കള്‍ കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറിലേക്ക് തുടര്‍ച്ചയായി ഇറാന്‍ ആക്രമണം നടത്തിയ സമയങ്ങളില്‍ ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള നിര്‍ദ്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു. സമാനമായ നിര്‍ദ്ദേശമാണ് വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നത്. ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മിസൈലുകളോ ഡ്രോണുകളോ തടയുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങളോ മറ്റ് അജ്ഞാത വസ്തുക്കളോ കണ്ടെത്തിയാല്‍ അവ സ്പര്‍ശിക്കാനോ നീക്കം ചെയ്യാനോ പാടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം. ഇത്തരം വസ്തുക്കള്‍ കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണം.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. കടലില്‍ പോകുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിയമവിരുദ്ധമായി ഇവ കൈകാര്യം ചെയ്യുന്നത് അപകടങ്ങള്‍ക്കും നിയമനടപടികള്‍ക്കും കാരണമാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലോ കോസ്റ്റ് ഗാര്‍ഡുമായോ ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Content Highlights: Qatar has issued a public warning advising people not to touch any suspicious objects found along its sea borders. Authorities have asked residents to immediately report such findings to ensure safety.