

സാമൂഹിക മാധ്യമത്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ ചിത്രം കണ്ട ആരാധകര്‍ ഞെട്ടി! ഇതാരെന്നാണ് ആദ്യചോദ്യം. ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സാണ് മെലിഞ്ഞൊട്ടിയ മുഖവുമായി ആരാധകരെ ഞെട്ടിച്ചത്. പക്ഷെ, മുഖം മെലിഞ്ഞൊട്ടിയതിന് ഒരു കാരണമുണ്ട്. താടിയെല്ലിനേറ്റ പരിക്കും അതുമൂലം ചെയ്ത ശസ്ത്രക്രിയയുമാണ് ബെന്‍ സ്റ്റോക്‌സിന്റെ മുഖം മെലിഞ്ഞതിന് കാരണം.
സ്‌റ്റോക്‌സിന്റെ രൂപം അടിമുടി മാറിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് സ്റ്റോക്‌സിന്റെ മുഖത്ത് പന്ത് കൊണ്ട് പരിക്കേറ്റത്. ഇംഗ്ലണ്ടിലെ ഡാര്‍ഹാം ക്രിക്കറ്റ് അക്കാദമിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റോബി ബോമാന്‍ അടിച്ച പന്താണ് നെറ്റ്‌സിന് സമീപമുണ്ടായിരുന്ന താരത്തിന്റെ മുഖത്ത് കൊണ്ടത്. താടിയെല്ലിന് ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ കൂടിയായ സ്റ്റോക്‌സിന് ശസ്ത്രക്രിയ വേണ്ടിവന്നു. മുഖത്തും മൂക്കിനും കണ്ണിനുമെല്ലാം പരിക്കുണ്ട്. ഗുരുതര പരിക്കില്‍നിന്ന് താന്‍ രക്ഷപ്പെട്ടതാണെന്ന് പിന്നീട് സ്റ്റോക്‌സ് പറഞ്ഞിരുന്നു. ശസ്ത്രക്രിയക്കുശേഷമുള്ള സ്റ്റോക്‌സിന്റെ മുഖമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. പരിക്ക് ഭേദപ്പെട്ടാല്‍ അടുത്തമാസം നടക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റില്‍ സ്റ്റോക്‌സ് കളിക്കുമെന്നാണ് വിവരം.
കരിയറില്‍ ഇതുവരെ 120 ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി 7216 റണ്‍സെടുത്തിട്ടുണ്ട് സ്‌റ്റോക്‌സ്. 245 വിക്കറ്റും ഓള്‍റൗണ്ടര്‍ താരത്തിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റില്‍ 114 മത്സരങ്ങളില്‍നിന്ന് 3463 റണ്‍സും 74 വിക്കറ്റും സ്വന്തമാക്കി. ടി 20 ക്രിക്കറ്റില്‍ 585 റണ്‍സും 26 വിക്കറ്റും നേടിയിട്ടുണ്ട്. ഈവര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.
content highlights: Surgery successful: Cricket world stunned by star's recovery; return to action expected soon