അവനാണ് യഥാര്‍ത്ഥ നായകൻ! വാംഖഡെയില്‍ രക്ഷകനായി അവതരിച്ച സഞ്ജു

വെറുമൊരു ഓപ്പണർ എന്നതിലപ്പുറം ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ യഥാര്‍ത്ഥ നായകൻ എന്ന ഉത്തരവാദിത്തത്തോടെയായിരുന്നു സഞ്ജു സാംസൺ കളത്തിലെത്തിയത്

അവനാണ് യഥാര്‍ത്ഥ നായകൻ! വാംഖഡെയില്‍ രക്ഷകനായി അവതരിച്ച സഞ്ജു
dot image

വെറുമൊരു ഓപ്പണർ എന്നതിലപ്പുറം ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ യഥാര്‍ത്ഥ നായകൻ എന്ന ഉത്തരവാദിത്തത്തോടെയായിരുന്നു സഞ്ജു സാംസൺ കളത്തിലെത്തിയത്. കാര്യം, സഞ്ജു ടീമിന്‍റെ ഔദ്യോഗിക നായകനല്ലെങ്കിലും ക്യാപ്റ്റൻ കൂൾ എംഎസ് ധോണിയുടെ അഭാവത്തിൽ ചെന്നൈയുടെ രക്ഷകൻ താന്‍ തന്നെയാണെന്ന് സഞ്ജു ഒരിക്കല്‍ കൂടി അടിവരയിട്ടു പറഞ്ഞു. സീസണിന്റെ ആരംഭിക്കുന്നതിന് മുൻപ് തന്നെ പരിക്ക് പറ്റിയതോടെ ഇതിഹാസ നായകന്‍ എംഎസ് ധോണി സീസണിൽ ഇതുവരെ കാലത്തിന് പുറത്താണ്.

നിലവിലെ ചെന്നൈയുടെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ആണ്. എങ്കിലും ബാറ്റിംഗിൽ താരത്തിന് ഫോം കണ്ടെത്താനാകാത്തത് സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയാണ്. ക്യാപ്റ്റൻ പദവി ലഭിക്കുന്നതിന് മുൻപ് താരം മികച്ച രീതിയിൽ ആയിരുന്നു ബാറ്റ് വീശിക്കൊണ്ടിരുന്നതെന്നും വിലയിരുത്തലുകളുണ്ട്. 7 മത്സരങ്ങളിൽ നിന്ന് 119 സ്ട്രൈക്ക് റേറ്റിൽ വെറും 104 റൺസാണ് ക്യാപ്റ്റൻ റുതുരാജിന്‍റെ സമ്പാദ്യം. നായകൻ തന്നെ പതറുന്ന ഘട്ടത്തിൽ ടീമിന്‍റെ ഭാരം ഏറ്റെടുക്കാൻ ഒരാൾ വേണമെന്ന അവസ്ഥയിലാണ് സഞ്ജു വാംഖഡെയില്‍ രക്ഷകനായി അവതരിച്ചത്.

മത്സരശേഷമുള്ള സഞ്ജു സാംസണിനെ പ്രതികരണവും ഒരു യഥാര്‍ത്ഥ നായകന്‍റെ ഭാഷയിലായിരുന്നു. 'വെറുതെ പന്തുകൾ അടിച്ചുപറത്തുന്ന 'സ്ലാം-ബാം' രീതിക്ക് പകരം അവസാനം വരെ ക്രീസിൽ നിൽക്കാനാണ് ഞാൻ ശ്രമിച്ചത്', സഞ്ജു സാംസൺ വ്യക്തമാക്കി. 'മത്സര സാഹചര്യം ആവശ്യപ്പെടുന്നത് പോലെ കളിക്കുക എന്നതാണ് പ്രധാനം. വിക്കറ്റുകൾ തുടരെ വീഴുമ്പോൾ ഒരു സെറ്റിൽഡ് ബാറ്റർ അവസാനം വരെ നിൽക്കേണ്ടത് അത്യാവശ്യമാണ്. ടീം എനിക്ക് നൽകിയ ഉത്തരവാദിത്തം നിറവേറ്റുക എന്നത് എന്‍റെ കടമയാണ്. അനുഭവസമ്പത്ത് ഉള്ളതുകൊണ്ട് തന്നെ ടീമിനാണ് ഞാൻ പ്രഥമ പരിഗണന നൽകുന്നത്', സഞ്ജു കൂട്ടിച്ചേർത്തു.

സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ടോപ് സ്കോററും ചെന്നൈക്കായി ഏറ്റവും കൂടുതല്‍ സിക്സുകളും ഫോറുകളും അടിച്ച താരവും ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള താരവും ഉയര്‍ന്ന സ്കോര്‍ നേടിയ താരവുമെല്ലാം സഞ്ജു സാംസണാണ്. ഔദ്യോഗികമായി ക്യാപ്റ്റൻ സ്ഥാനമില്ലെങ്കിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും നിർണ്ണായക ഘട്ടങ്ങളിൽ താങ്ങാവാനും സഞ്ജുവിന് സാധിക്കുന്നത് ചെന്നൈ ആരാധകർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Content highlight: Sanju Samson the real hero of Chennai Super Kings

dot image
To advertise here,contact us
dot image