

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നാലെ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിൽ ഹാർദിക്കിനും സംഘത്തിനുമെതിരെ അവരുടെ തട്ടകത്തിൽ പുറത്താകാതെ സെഞ്ചുറി നേട്ടത്തോടെ സിഎസ്കെയുടെ വിജയശില്‍പിയായി മാറിയിരുന്നു ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസൺ. ഇപ്പോൾ താരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 54 പന്തിൽ നിന്ന് ആറ് സിക്സറുകളും പത്ത് ബൗണ്ടറികളും അടക്കം പുറത്താകാതെ 101* റൺസായിരുന്നു താരം അടിച്ചുകൂട്ടിയത്. ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചതിനൊപ്പം സഞ്ജു നിരവധി റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചു.
'സഞ്ജു സാംസൺ ഒരു ലോകോത്തര ബാറ്ററാണ്, അവന്‍റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്', മുന്‍ താരം മുഹമ്മദ് കൈഫ് സഞ്ജുവിന്‍റെ പ്രകടനത്തെ വാനോളം പുകഴ്ത്തികൊണ്ട് എക്സ് പോസ്റ്റില്‍ കുറിച്ചു. 'ചെന്നൈ സൂപ്പർ കിംഗ്സിനായി ആരും ഇതിനുമുമ്പ് രണ്ട് സെഞ്ചുറി സ്വന്തമാക്കിയിട്ടില്ല. സ്റ്റൈലിഷ് സാംസൺ അത് സാധ്യമാക്കിയിരിക്കുന്നു. അതും തന്‍റെ ആദ്യ സീസണില്‍ ടൂര്‍ണമെന്‍റ് പകുതി മാത്രം പിന്നിടുമ്പോൾ', ആരാശ് ചോപ്രയു തന്റെ സമൂഹമാദ്ധ്യത്തിലൂടെ കുറിച്ചു. 'സഞ്ജു ഇപ്പോൾ തന്‍റെ കരിയറിന്‍റെ ഔന്നത്യത്തിലാണ്. ഇതിലും മനോഹരമായി ബാറ്റ് ചെയ്യാൻ മറ്റാർക്കും കഴിയില്ല', ഇതായിരുന്നു ഇര്‍ഫാന്‍ പത്താന്റെ വാക്കുകൾ. എന്നാൽ, വളരെ പക്വതയാർന്ന ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത് എന്നായിരുന്നു ശിഖര്‍ ധവാന്‍ കുറിച്ചത്. കൃത്യമായ സമയത്ത് വേഗം കൂട്ടി ഇന്നിംഗ്‌സിനെ മനോഹരമായി മുന്നോട്ട് കൊണ്ടുപോയി അതിന് അർഹമായ ഫലം നൽകി. തികച്ചും അദ്ദേഹത്തിന് അർഹിച്ച സെഞ്ചുറിയായിരുന്നു അത്, ധവാന്‍ കൂട്ടിച്ചേർത്തു.
2026 ഐപിഎൽ സീസണിൽ സഞ്ജു സ്വന്തമാക്കുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരെയും സഞ്ജു പുറത്തകാതെ സെഞ്ചുറി (115*) നേടിയിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഒരു സീസണിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സഞ്ജുവിന്റെ പേരിൽ കുറിക്കപ്പെട്ടു. അവസാന ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ചാണ് സഞ്ജു തന്റെ സെഞ്ചുറി തികച്ചത്. ആകെ 10 ഫോറുകളും 6 സിക്സറുകളുമായിരുന്നു സഞ്ജുവിന്‍റെ ബാറ്റിൽ നിന്ന് പിറന്നു. ജസ്പ്രീത് ബുംറക്കെതിരെ ഐപിഎല്‍ കരിയറിലെ ആദ്യ സിക്സ് അടിച്ച സഞ്ജു പേസർമാർക്കെതിരെ മാത്രം 207.5 സ്ട്രൈക്ക് റേറ്റിൽ 83 റൺസാണ് അടിച്ചെടുത്തത്. സ്പിന്നർമാർക്കെതിരെ പക്വതയോടെ കളിച്ച് വിക്കറ്റ് കാക്കാനും സഞ്ജുവിനായി. സീസണിന്റെ തുടക്കത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ പതറിയെങ്കിലും, പിന്നീട് ശക്തമായി തിരിച്ചുവന്ന സഞ്ജു ഇപ്പോൾ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിലും മുൻപിലുണ്ട്. അഭിഷേക് ശർമയും (323) ഹെന്‍റിച്ച് ക്ലാസനും (320) മാത്രമാണ് ഇനി സഞ്ജുവിന് (293) മുന്നിലുള്ളത്.
Content highlight: Formar cricketers praise Sanju Samson world class batter IPL 2026