

അമ്മയ്ക്കും ഭാര്യയ്ക്കും വളര്‍ത്തുനായയ്ക്കുമൊപ്പമുള്ള ചിത്രമിട്ട് മനോഹരദിവസത്തെ അടയാളപ്പെടുത്തി ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. പിറന്നാള്‍ദിനത്തില്‍ രാവിലെ മുതല്‍ വസതിക്ക് മുന്നില്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്താതെയാണ് സച്ചിന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിയെടുത്തും ആരാധകര്‍ കൊണ്ടുവന്ന കേക്ക് മുറിച്ചും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആഘോഷം കളറാക്കി.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ കടുത്ത ആരാധകരില്‍പ്പലരും വസതിക്ക് മുന്നിലെത്തിയിരുന്നു. പോലീസ് ഇടപെട്ടാണ് ആരാധകരെ വീടിന് മുമ്പില്‍നിന്ന് നിയന്ത്രിച്ചത്. സച്ചിന്റെ ആരാധകരില്‍ ഏറെ പേരുകേട്ട സുധീര്‍ ചൗധരിയും സച്ചിന്റെ വീട്ടിലെത്തിയിരുന്നു. ഇന്ത്യന്‍ പതാക വീശി, ശംഖ് മുഴക്കിക്കൊണ്ടാണ് സുധീര്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. സച്ചിനും ഭാര്യയും കേക്ക് മുറിക്കുമ്പോള്‍ സുധീര്‍ ശംഖ് മുഴക്കിക്കൊണ്ടിരുന്നു. ആരാധരുടെ ഗാനങ്ങളും ആഷോഘനിമിഷത്തെ മനോഹരമാക്കി. ഇതിഹാസ താരത്തിനായി പ്രാര്‍ഥിക്കാന്‍ ക്ഷേത്രദര്‍ശനങ്ങള്‍ നടത്തുമെന്ന് സുധീര്‍ ചൗധരി പറഞ്ഞു.
സച്ചിന് ആശംസകള്‍ നേര്‍ന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും രംഗത്തുണ്ടായിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സച്ചിന് ആശംസകള്‍ നേര്‍ന്നത്. മുന്‍ സഹതാരങ്ങളും ആശംസ നേര്‍ന്നു. സച്ചിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് യുവരാജ് സിങ് ആശംസ അറിയിച്ചത്. ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി അറിയച്ച സച്ചിന്‍ പിന്നീട് കുടുംബത്തോടൊപ്പം സ്വകാര്യമായ പിറന്നാള്‍ ആഘോഷങ്ങളില്‍ മുഴുകി.
1973 ഏപ്രില്‍ 24നാണ് മുംബൈയില്‍ സച്ചിന്റെ ജനനം. ലിറ്റില്‍ മാസ്റ്റര്‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന പേരുകളിലാണ് താരം അറിയപ്പെട്ടിരുന്നത്. ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്ക് ഇന്ത്യ ഭാരത് രത്‌ന ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. വിവിധ സമയങ്ങളിലായി പദ്മവിഭൂഷണ്‍, പദ്മശ്രീ, അര്‍ജുന അവാര്‍ഡ്, ഖേല്‍ രത്‌ന അവാര്‍ഡ് എന്നിവയും നേടി.
content highlights: Celebration by cutting cake with fans; The Legend started the day with his family