'ഇന്ത്യയിലേക്ക്‌ ഉടൻ, വിരാട് കോഹ്‌ലിക്കൊപ്പം ക്രിക്കറ്റും ടെന്നീസും കളിക്കാൻ ആഗ്രഹം'; നൊവാക് ജോക്കോവിച്ച്

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും സെര്‍ബിയയുടെ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും വളരെ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരും ഒരു കായികതാരങ്ങളെന്ന നിലയിൽ പരസ്പരം ആരാധിക്കുന്നവരുമാണ്

'ഇന്ത്യയിലേക്ക്‌ ഉടൻ, വിരാട് കോഹ്‌ലിക്കൊപ്പം ക്രിക്കറ്റും ടെന്നീസും കളിക്കാൻ ആഗ്രഹം'; നൊവാക് ജോക്കോവിച്ച്
dot image

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും സെര്‍ബിയയുടെ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും വളരെ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരും ഒരു കായികതാരങ്ങളെന്ന നിലയിൽ പരസ്പരം ആരാധിക്കുന്നവരുമാണ്. ഇപ്പോൾ ഇന്ത്യ സന്ദർശിക്കണമെന്നത് തന്റെ ഏറെ നാളായുള്ള ആഗ്രഹമാണെന്നും ഒപ്പം വിരാട് കോഹ്‌ലിയുമായുള്ള സൗഹൃദത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ടെന്നീസ് ഇതിഹാസം. ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് വിതരണ വേദിയില്‍ അവതാരകനായി എത്തിയപ്പോഴായിരുന്നു താരം തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

തന്റെ ടെന്നീസ് കാരിയറിൽ 24 തവണ ഗ്രാന്‍ഡ് സ്ലാം ചാംപ്യനായ അദ്ദേഹം തന്റെ ഇന്ത്യന്‍ ആരാധകരെക്കുറിച്ച് വാചാലനായിരുന്നു. 'ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ടെന്നീസ് ആരാധകരില്‍ നിന്നും കായിക പ്രേമികളില്‍ നിന്നും എനിക്ക് വ്യക്തിപരമായി ലഭിക്കുന്ന എല്ലാ പിന്തുണയ്ക്കും സ്‌നേഹ ബഹുമാനങ്ങള്‍ക്കും നന്ദി. ഇന്ത്യ സന്ദർശിക്കണമെന്ന ആഗ്രഹം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്റെ ഉള്ളിലുണ്ട്. ഇന്ത്യന്‍ ആരാധകരുമായി കൂടുതല്‍ അടുക്കാനും എനിക്ക് താത്പര്യമുണ്ട്. അധികം വൈകാതെ തന്നെ നമ്മൾ ഇന്ത്യയില്‍ വച്ച് നേരില്‍ കാണും', ജോക്കോവിച്ച് മനസുതുറന്നു.

'വിരാട് കോഹ്‌ലി എന്റെ സുഹൃത്താണ്. ഞാന്‍ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. സത്യം പറഞ്ഞാല്‍, ഞാന്‍ ക്രിക്കറ്റ് പിന്തുടരാന്‍ തുടങ്ങിയത് അദ്ദേഹം കാരണമാണ്. ഞാനും വിരാടും ഇടയ്ക്ക് സംസാരിക്കാറുണ്ട്. ഇന്ത്യയിലേക്ക് വന്ന് വിരാടിനൊപ്പം ടെന്നീസും ക്രിക്കറ്റും കളിച്ച് ആഘോഷമാക്കാനും എനിക്കു ആഗ്രഹമുണ്ട്', വിരാട് - ജോക്കോ സൗഹൃദത്തെ കുറിച്ചും അദ്ദേഹം വാചാലനായി.

കായിക ലോകത്തെ രണ്ട് പ്രതിഭകളുടെ ഒത്തുചേരലിന്റെ ഈ വാർത്ത ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ജോക്കോയുടെ സന്ദര്‍ശനം സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താരത്തിന്റെ വാക്കുകള്‍ ഈ കൂടിക്കാഴ്ചയുടെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Content highlight: Novac Djokovic expresses desire to visit India

dot image
To advertise here,contact us
dot image