'വൈഭവിനെ ആദ്യ പന്തിൽ തന്നെ തൂക്കുമെന്ന് ഉറപ്പിച്ചിരുന്നു'; മത്സരശേഷം പ്രഫുൽ ഹിംഗെ

നേരിട്ട ആദ്യ പന്തിൽ തന്നെ മിന്നും ഫോമിലുള്ള വൈഭവ് സൂര്യവംശിയെ (0) പുറത്താക്കി ഞെട്ടിച്ചിരുന്നു

'വൈഭവിനെ ആദ്യ പന്തിൽ തന്നെ തൂക്കുമെന്ന് ഉറപ്പിച്ചിരുന്നു'; മത്സരശേഷം പ്രഫുൽ ഹിംഗെ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അരങ്ങേറ്റങ്ങളില്‍ ഒന്നിലൂടെ വരവറിയിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസര്‍ പ്രഫുല്‍ ഹിംഗെ. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ പിഴുത ഹിംഗെ, രാജസ്ഥാന്‍ മുന്‍നിരയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുവിട്ടാണ് ഞെട്ടിച്ചത്. തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം സീനിയർ ടി20 മത്സരം കളിക്കാനിറങ്ങിയ വിദര്‍ഭയില്‍ നിന്നുള്ള ഈ 24കാരന്‍ നേരിട്ട ആദ്യ പന്തിൽ തന്നെ ഫോമിലുള്ള വൈഭവ് സൂര്യവംശിയെ (0) പുറത്താക്കുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ സ്വപ്നതുല്യമായ അരങ്ങേറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രഫുൽ. ആദ്യ പന്തിൽത്തന്നെ വെെഭവിനെ പുറത്താക്കുമെന്ന് താൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് ഹൈദരാബാദിന്റെ ഹീറോ വെളിപ്പെടുത്തിയത്. ഇക്കാര്യം താൻ പലരോടും പറഞ്ഞിരുന്നുവെന്നാണ് മത്സരശേഷം പ്രഫുൽ പറഞ്ഞു.

'വൈഭവ് സൂര്യവംശിയുടെ വിക്കറ്റാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്. കാരണം അദ്ദേഹം വളരെ മികച്ച ഫോമിലായിരുന്നു. ഒരു ബൗൺസർ എറിഞ്ഞ് വൈഭവിനെ വീഴ്ത്തുമെന്ന് മത്സരത്തിന് മുന്നേ ഞാൻ പലരോടും പറഞ്ഞിരുന്നു. എനിക്ക് ആദ്യ പന്തിൽ തന്നെ വൈഭവിനെ വീഴ്ത്തണമായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ നാലോ അഞ്ചോ വിക്കറ്റുകൾ നേടുമെന്ന് താൻ മുൻകൂട്ടി എഴുതിവെച്ചിരുന്നു', പ്രഫുൽ പറഞ്ഞു.

അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയാണ് ഹിം​ഗെ, സൺറൈസേഴ്സിന്റെ വിജയത്തിൽ നിർണായകമായത്. തന്റെ ആദ്യ ഓവറിൽ തന്നെ വൈഭവ് സൂര്യവംശി, ധ്രുവ് ജൂറൽ, ലുവാൻ-ഡ്രെ പ്രിട്ടോറിയസ് എന്നിവരെ വീഴ്ത്തിയ ഹിം​ഗെ തന്റെ രണ്ടാം ഓവറിൽ ക്യാപ്റ്റൻ റിയാൻ പരാഗിനെയും മടക്കി. ആദ്യ സ്പെല്ലിൽ മൂന്ന് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ നേടിയ ഹിംഗെയുടെ പ്രകടനത്തിൽ 13 ഡോട്ട് ബോളുകളും ഉൾപ്പെടുന്നു.

Content Highlights: SRH's Praful Hinge explains his clinical first-ball trap for Vaibhav Suryavanshi

dot image
To advertise here,contact us
dot image