

ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ പിന്നാലെ രാജസ്ഥാന്‍ റോയൽസിന്റെ ബോളര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ക്രിസ് ശ്രീകാന്ത്. തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ് എന്നിവര്‍ റണ്‍സ് വഴങ്ങിയതോടെ രാജസ്ഥാന്‍ നേരത്തെ തന്നെ പരാജയപ്പെട്ടെന്ന് ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല ഒട്ടനവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച സൂപ്പർ താരം രവീന്ദ്ര ജഡേജയ്ക്ക് ഒരു ഓവര്‍ പോലും നല്‍കാത്തതിനെയും ശ്രീകാന്ത് തുറന്നടിച്ചു.
‘തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ് എന്നിവര്‍ ചേര്‍ന്ന് 11 ഓവറുകള്‍ എറിഞ്ഞ് 142 റണ്‍സ് കൊടുത്തു. മത്സരം അവിടെത്തന്നെ അവസാനിച്ചിരുന്നു. സന്ദീപ് ശര്‍മ എങ്ങനെയൊക്കെ പന്തെറിഞ്ഞാലും ഹൈദരാബാദ് ബാറ്റർമാർ അദ്ദേഹത്തെ അടിച്ചുതകര്‍ത്തു. ദേശ്പാണ്ഡെ പിന്നെ പൂര്‍ണ പരാജയമായിരുന്നു. പെട്ടെന്നുതന്നെ രാജസ്ഥാൻ റോയൽസും അവരുടെ ബൗളിങ് കോമ്പിനേഷനെക്കുറിച്ച് ചിന്തിച്ചു തുടങ്ങണം. ഇങ്ങനെ പന്തെറിഞ്ഞാല്‍ അവര്‍ ഉറപ്പായും തകരും‘
‘രവി ബിഷ്‌ണോയിയെ അവര്‍ ഇത്രയധികം വിശ്വസിച്ചതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. അതേസമയം എത്രയോ അധികം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള രവീന്ദ്ര ജഡേജയ്ക്ക് ഒരു ഓവര്‍ പോലും നല്‍കിയില്ല. ഈ മത്സരത്തില്‍ അവര്‍ അമിത ആത്മവിശ്വാസത്തോടെയാണ് കളിച്ചത്,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 159 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു രാജസ്ഥാന്‍. ഹൈദരാബാദിന്റെ യുവ പേസര്‍മാരായ പ്രഫുല്‍ ഹിംഗെയുടെയും സാക്കിബ് ഹുസൈന്റെയും ഫോര്‍ഫറിന്റെ മികവിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്.
Content Highlights: Krishnamachari Srikkanth Slams Rajasthan Royals after defeat to Sunrisers Hyderabad