

ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് - സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തിൽ നേരിട്ട ആദ്യ പന്തില്‍ തന്നെ ഡഗ്ഔട്ടിലേക്ക് മടങ്ങി അഭിഷേക് ശര്‍മ. ജോഫ്ര ആര്‍ച്ചറുടെ പന്ത് അടിച്ച അഭിഷേകിനെ രവി ബിഷ്‌ണോയി തന്റെ ഉള്ളംകൈയിൽ ഭദ്രമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാൻ എത്തിയ ഹൈദരാബദിന് മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. ഇതോടെയാണ് മോശം റെക്കോഡുകളും താരത്തെ തേടിയെത്തിയത്. ടി20 ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന മോശം റെക്കോർഡാണ് അഭിഷേകിനെ തേടിയെത്തിയത്. ഇത് ഏഴാം തവണയാണ് താരം റണ്ണെടുക്കാതെ പുറത്താകുന്നത്.
17 ഇന്നിംഗ്‌സുകളില്‍ നിന്ന് റൺസൊന്നും എടുക്കാതെ 4 തവണ പുറത്തായ കൂപ്പര്‍ കൊനോലിയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഒരു ഐപിഎല്‍ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന രണ്ടാമത്തെ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാനായി ഇപ്പോൾ അഭിഷേക് ശർമയും മാറി. മുമ്പ് 2018ലെ ക്വാളിഫയര്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ശിഖര്‍ ധവാനും ഇതേപോലെ പുറത്തായിരുന്നു. എട്ട് വര്‍ഷത്തിന് ശേഷമാണ് സണ്‍റൈസേഴ്‌സിന്റെ ഒരു ബാറ്റ്‌സ്മാന്‍ ഇത്തരത്തില്‍ ആദ്യ പന്തില്‍ തന്നെ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന മോശം റെക്കോഡും ഇപ്പോൾ അഭിഷേകിന്റെ പേരിലായി. ആറ് തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ഗുര്‍കീരത് മന്‍ എന്നിവരെ പിന്നിലാക്കിയാണ് അഭിഷേക് ഇപ്പോൾ ആ പട്ടികയിൽ ആദ്യമെത്തിയത്.
Content highlight: Unwanted record for Abhishek Sharma in IPL 2026