

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ ഇതുവരെ പ്രതീക്ഷക്കൊത്ത് തിളങ്ങാനായിട്ടില്ല. ലോകകപ്പിന്റെ അവസാനം മികച്ച പ്രകടനം കാഴ്ച്ചവച്ച് ടൂർണമെന്റിലെ താരമായ അദ്ദേഹം ഐപിഎല്ലിലും അതെ പ്രകടനം തുടരുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും തികച്ചും നിരാശ മാത്രമായിരുന്നു ഫലം. പുതിയ തട്ടകമായ ചെന്നൈ സൂപ്പർ കിങ്സിൽ ഇത്തരമൊരു തുടക്കം ആരും തന്നെ പ്രതീക്ഷിച്ചുകാണില്ല.
കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ 22 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ ആറ് റൺസ് രണ്ടാം മത്സരത്തിൽ ഏഴ് റൺസ് മൂന്നാം മത്സരത്തിൽ ഒൻപത് റൺസ് എന്നിങ്ങനെ പോകുന്നു ആ കണക്ക്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ നേടിയ ഒൻപത് റൺസാണ് സിഎസ്‌കെയിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോർ. അതിനിടെ ആര്‍സിബിയുമായുള്ള കളിയില്‍ സഞ്ജു ഔട്ടായ ശേഷം ഗ്രൗണ്ടില്‍ വച്ച് ബെംഗളുരുവിന്റെ ഇതിഹാസ ബാറ്ററും റണ്‍മെഷീനുമായ വിരാട് കൊഹ്‌ലിയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വമ്പന്‍മാരുടെ പോരാട്ടത്തില്‍ ആർസിബി ഉയർത്തിയ 251 റണ്‍സിന്റെ പടുകൂറ്റന്‍ സ്കോർ പിന്തുടരവെ മൂന്നാമനായിട്ടാണ് സഞ്ജു സാംസണ്‍ പുറത്തായത്. ന്യൂസിലാന്‍ഡ് പേസര്‍ ജേക്കബ് ഡഫിയെറിഞ്ഞ മൂന്നാമത്തെ ഓവറിലായിരുന്നു ഒൻപത് റൺസ് പോക്കറ്റിലാക്കി താരം ഡഗ്ഔട്ടിലേക്ക് മടങ്ങിയത്. ഈ ഓവറിലെ നാലാമത്തെ ബോളില്‍ ഒരു പുള്‍ ഷോട്ടിലൂടെ സഞ്ജു സിക്‌സര്‍ പായിച്ചിരുന്നു. ലോങ് ലെഗിലൂടെയായിരുന്നു ബോളിന്റെ വേഗത കൂടി മുതലാക്കി അദ്ദേഹം കണ്ണഞ്ചിക്കുന്ന ഷോട്ട് പായിച്ചത്. എന്നാല്‍ ഈ ആവേശമടങ്ങും മുമ്പ് അടുത്ത ബോളില്‍ തന്നെ സഞ്ജു പുറത്തായി.
ദേവ്ദത്ത് ക്യാച്ചെടുത്ത ശേഷം നിരാശനായി തലതാഴ്ത്തി ക്രീസില്‍ നിന്നും സഞ്ജു മടങ്ങവെയാണ് പിറകില്‍ നിന്നും നോക്കുന്ന കൊഹ്‌ലിയുടെ വീഡിയോ ശ്രദ്ധേയമാകുന്നത്. സാധാരണയായി എതിരാളികളുടെ വിക്കറ്റുകള്‍ വീണാല്‍ ആക്രോശിച്ച് ആഹ്ലാദ പ്രകടനം നടത്താറുള്ളയാളാണ് കൊഹ്‌ലി. പക്ഷെ, മലയാളി താരം മടങ്ങവെ അദ്ദേഹത്തിന്റെ മുഖത്ത് സാധാരണത്തേതു പോലെയുള്ള ആഹ്ലാദ പ്രകടനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായത് ആരാധകരെയും വല്ലാതെ അമ്പരപ്പിച്ചു. സഞ്ജു ചെറിയ സ്‌കോറിന് തുടരെ ഔട്ടാവുന്നത് കൊഹ്‍ലിയെയും നിരാശനാക്കുന്നു എന്ന് ഇതിലൂടെ ഊഹിക്കേണ്ടി വരും.
Content highlight: Why Virat Kohli looked so sad after Sanju Samson's dismissal in RCB - CSK match