ധനുഷിന് അച്ഛന്റെ സ്ഥാനമാണ്, ആ ബന്ധത്തിൽ വിള്ളൽ ഉണ്ടായതിൽ വിഷമമുണ്ട്: വൈറലായി വിഘ്‌നേശ് ശിവന്റെ വാക്കുകൾ

അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ജോലി ചെയ്യുന്ന ആൾ ഈ ലോകത്തിലില്ല എന്നു തന്നെ പറയേണ്ടി വരും

ധനുഷിന് അച്ഛന്റെ സ്ഥാനമാണ്, ആ ബന്ധത്തിൽ വിള്ളൽ ഉണ്ടായതിൽ വിഷമമുണ്ട്: വൈറലായി വിഘ്‌നേശ് ശിവന്റെ വാക്കുകൾ
dot image

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് ധനുഷ് എന്നും അദ്ദേഹത്തെ തന്റെ അച്ഛനെപോലെയാണ് കരുതുന്നതെന്നും സംവിധായകൻ വിഘ്‌നേശ് ശിവൻ. നയൻതാരയുമായുള്ള നിയമപ്രശ്‌നത്തെത്തുടർന്ന് ധനുഷുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതിൽ തനിക്ക് ദുഃഖമുണ്ടെന്നും വിഘ്‌നേശ് ശിവൻ പറഞ്ഞു.

'എനിക്ക് ധനുഷ് സാറിനെ ഒരുപാട് ഇഷ്ടമാണ്. ജീവിതത്തിലെ വലിയ ആളായാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ പിറന്നാൾ ജൂലായ് 28-നാണ്. അതേ ദിവസമാണ് എന്റെ അച്ഛൻ മരിച്ചത്. അച്ഛന്റെ സാന്നിധ്യമാണ് എനിക്ക് അദ്ദേഹത്തിൽ അനുഭവപ്പെടുന്നത്. അദ്ദേഹത്തെ ഞാൻ അങ്ങനെയാണ് കാണുന്നത്. പിന്നെ നമ്മൾ പോലുമറിയാതെ ചിലതൊക്കെ സംഭവിക്കും. സാഹചര്യങ്ങൾ അങ്ങനെയായിപ്പോകും. നല്ല ബന്ധത്തിലിരിക്കുന്ന ഒരാളുമായി ആ ബന്ധം അവസാനിപ്പിക്കുന്നത് നാണക്കേട് ആയി കാണുന്നു. വളരെ മനോഹരമായ നിമിഷങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പക്ഷേ അതെല്ലാം അവസാനിച്ചു.

ആ ബന്ധം ഇല്ലാതായതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. അതിൽ എനിക്ക് ലജ്ജ തോന്നുന്നു. എപ്പോഴോ എവിടെയോ ഒരു തെറ്റ് സംഭവിച്ചിരിക്കണം. കൃത്യമായ പ്രശ്നമുണ്ടായ ശേഷം രണ്ട് പേർ പിരിയുകയാണെങ്കിൽ ആ പ്രശ്നത്തിന് പിന്നീട് പരിഹാരം കണ്ടെത്താൻ കഴിയും. എന്നാൽ പ്രശ്നങ്ങളെ ഇല്ലാതെ പിരിയുന്ന അവസ്ഥ വരുമ്പോൾ അതെങ്ങനെ പരിഹരിക്കും. അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ജോലി ചെയ്യുന്ന ആൾ ഈ ലോകത്തിലില്ല എന്നു തന്നെ പറയേണ്ടി വരും.

'വിഐപി’ (വേലയില്ലാ പട്ടധാരി) യുടെ ഷൂട്ടിങ്ങിനിടെ ഞാൻ അദ്ദേഹത്തിനൊപ്പം രണ്ടു വർഷത്തോളമുണ്ടായിരുന്നു. അദ്ദേഹം കഴിച്ചശേഷം മാത്രമേ ഞാൻ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. എനിക്ക് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും സ്നേഹവും ഒരിക്കലും മാറാൻ പോകുന്നില്ല. മരണം വരെയും അങ്ങനെ തന്നെയാകും. ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ ധനുഷ് സാർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്', വിഘ്‌നേശ് ശിവന്റെ വാക്കുകൾ.

നയൻതാരയുടെ ജീവിതവും വിഘ്‌നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവും പശ്ചാത്തലമാക്കിയൊരുങ്ങിയ 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ' ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് നയൻതാരയും ധനുഷും തമ്മിലുള്ള നിയമയുദ്ധം ആരംഭിച്ചത്. ഈ ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മൂന്നു സെക്കൻഡ് വീഡിയോയും ഉണ്ടായിരുന്നു. ഇതിന്റെ പകർപ്പവകാശം തങ്ങൾക്കാണെന്ന് കാണിച്ച് ധനുഷിന്റെ നിർമാണക്കമ്പനി നയൻതാരയ്ക്ക് 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചു. തുടർന്ന് ധനുഷിനെതിരെ രൂക്ഷമായ പ്രതികരണവുമായി നയൻതാര രംഗത്തെത്തിയിരുന്നു. ധനുഷിനെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ച് അന്ന് വിഘ്നേഷും എത്തി. എന്നാൽ ഈ വിഷയത്തിൽ പരസ്യമായി മറുപടി നൽകാൻ ധനുഷ് തയാറായിരുന്നില്ല.

Content Highlights: Dhanush is like a father figure for me says director vignesh shivan

dot image
To advertise here,contact us
dot image