'സഞ്ജുവല്ല, ചെന്നൈയുടെ തോൽവികൾക്ക് പിന്നിലെ 'വില്ലൻ' മറ്റൊരു താരം'; ഇർഫാൻ പത്താൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ തുടർ തോൽവികളിലെ യഥാർത്ഥ വില്ലൻ മലയാളി താരം സഞ്ജു സാംസണല്ലെന്ന് ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ

'സഞ്ജുവല്ല, ചെന്നൈയുടെ തോൽവികൾക്ക് പിന്നിലെ 'വില്ലൻ' മറ്റൊരു താരം'; ഇർഫാൻ പത്താൻ
dot image

ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ തുടർ തോൽവികളിലെ യഥാർത്ഥ വില്ലൻ മലയാളി താരം സഞ്ജു സാംസണല്ലെന്ന് ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ. ചെന്നൈയുടെ മഞ്ഞ കുപ്പായത്തില്‍ കളിച്ച ആദ്യ മൂന്ന് ഇന്നിംഗ്സിലും സഞ്ജുവിന് രണ്ടക്കം കടക്കാനായിരുന്നില്ല. ആദ്യ മത്സരത്തിൽ ആറ് റൺസും രണ്ടാം മത്സരത്തിൽ ഏഴ് റൺസും മൂന്നാം മത്സരത്തിൽ ഒൻപത് റൺസുമായിരുന്നു താരത്തിന്റെ ആകെ സമ്പാദ്യം.

സഞ്ജുവല്ല, മറിച്ച് അഫ്ഗാനിസ്ഥാന്‍റെ മിസ്റ്ററി സ്പിന്നർ നൂർ അഹമ്മദാണ് നിലവിലെ സിഎസ്‌കെയുടെ പതനത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പത്താന്റെ വീക്ഷണം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടേറ്റ 43 റൺസിന്റെ വമ്പൻ തോൽവിക്ക് പിന്നാലെയാണ് പത്താന്‍റെ ഈ രൂക്ഷവിമർശനം. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി സിഎസ്‌കെയുടെ ബൗളിംഗ് നിരയിലെ കുന്തമുനയായിരുന്നു നൂർ അഹമ്മദ്. എന്നാൽ, താരം ഈ സീസണിൽ തീർത്തും നിറം മങ്ങിയെന്നാണ് പത്താന്റെ പക്ഷം. ഈ സീസണിൽ ഇതുവരെ താരം പത്ത് ഓവറുകളാണ് എറിഞ്ഞത്. ഇതിൽ ഒരു വിക്കറ്റ് പോലും തന്റെ അക്കൗണ്ടിൽ ചേർക്കാനാകാത്ത താരം 100 റണ്‍സിലധികം വഴങ്ങുകയും ചെയ്തു. 11.1 എന്ന മോശം ഇക്കോണമി റേറ്റിലാണ് നൂര്‍ അഹമ്മദ് പന്തെറിയുന്നതും.

'നൂറിന്‍റെ റണ്ണപ്പിലെ പിഴവുകൾ അവന്‍റെ പന്തുകളുടെ ദിശ തെറ്റിക്കുന്നു. റണ്ണപ്പ് ആംഗിൾ ശരിയാക്കിയാൽ പന്തെറിയുന്ന കൈ കൂടുതൽ നേരെയാക്കാനും അതിലൂടെ പ്രകടനം മെച്ചപ്പെടുത്താൻ നൂറിന് കഴിയും', പത്താൻ തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

Also Read:

നൂറിനെതിരെ മാത്രമല്ല, ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിക്കെതിരെയും പത്താൻ രംഗത്തെത്തിയിരുന്നു. അനുഭവസമ്പത്തുള്ള ഒരു വിദേശ താരത്തിൽ നിന്ന് ഇത്രയും മോശം പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പത്താൻ വിമർശിച്ചു. വിരാട് കോലി ക്രീസിന് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടിട്ടും ഹെൻറി 'ഹാഫ് വോളി' എറിഞ്ഞത് വലിയ പിഴവായിരുന്നുവെന്ന് പത്താൻ ചൂണ്ടിക്കാട്ടി. 18-ാം ഓവറില്‍ ടിം ഡേവിഡിനെ അന്‍ഷുല്‍ കാംബോജ് ബൗള്‍ഡാക്കിയെങ്കിലും ആ പന്ത് നോ ബോളായത് തിരിച്ചടിയായി. പിന്നീട് തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് ഡേവിഡിന് തകര്‍ത്തടിക്കാന്‍ അന്‍ഷുല്‍ കാംബോജും ജാമി ഓവര്‍ടണും അവസരമൊരുക്കി. ഡേവിഡിനെ കുടുക്കണമെങ്കില്‍ മിഡില്‍ സ്റ്റംപിലോ ലെഗ് സ്റ്റംപിലോ പന്തെറിയണമായിരുന്നുവെന്നും തുടക്കത്തിലെ പിടിച്ചുകെട്ടാന‍ ലഭിച്ച അവസരം ചെന്നൈ കൈവിട്ടുവെന്നും പത്താൻ കൂട്ടിച്ചേർത്തു. സഞ്ജു സാംസണിന്‍റെ ഫോമില്ലായ്മ ചർച്ചയാകുമ്പോഴും, ചെന്നൈയുടെ യഥാർത്ഥ പ്രശ്നം ബൗളിംഗ് നിരയിലെ ഈ പാളിച്ചകളാണെന്ന് പത്താൻ അടിവരയിട്ട് പറയുന്നു. മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ പോയിന്‍റ് പട്ടികയിൽ നിലവിൽ അവസാന സ്ഥാനത്താണ്.

Content highlight: 'Sanju Samson is not the issue'; Irfan Pathan'

dot image
To advertise here,contact us
dot image