സിഎസ്കെയ്ക്ക് തിരിച്ചടി; ധോണിക്ക് പരിക്ക്, കീപ്പറാകാൻ സഞ്ജു സാംസൺ

രണ്ട് ദിവസത്തിനപ്പുറം തങ്ങളുടെ ആദ്യ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടിയായി ഇതിഹാസ തരാം എംഎസ് ധോണിക്കേറ്റ പരിക്ക്. കാലിനേറ്റ പരിക്കാണ് താരത്തിനും ടീമിനും ഒരുപോലെ തിരിച്ചടിയായത്

സിഎസ്കെയ്ക്ക് തിരിച്ചടി; ധോണിക്ക് പരിക്ക്, കീപ്പറാകാൻ സഞ്ജു സാംസൺ
dot image

ഐപിഎല്ലിന്റെ 19-ാം സീസണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. രണ്ട് ദിവസത്തിനപ്പുറം തങ്ങളുടെ ആദ്യ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടിയായി ഇതിഹാസ തരാം എംഎസ് ധോണിക്കേറ്റ പരിക്ക്. കാലിനേറ്റ പരിക്കാണ് താരത്തിനും ടീമിനും ഒരുപോലെ തിരിച്ചടിയായത്. പരിക്കുമൂലം താരം ടൂര്‍ണമെന്റിന്റെ ആദ്യ രണ്ടാഴ്ച കാലത്തിന് പുറത്തതായിരിക്കുമെന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കി. മാർച്ച് 31-ന് ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയൽസാണ് സിഎസ്കെയുടെ എതിരാളികൾ.

'എം എസ് ധോണി നിലവില്‍ തന്റെ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലാണ്. ഇതിന്റെ ഭാഗമായി ടൂർണമെന്റിന്റെ ആദ്യ രണ്ടാഴ്ച അദ്ദേഹത്തിന് നഷ്ടമായേക്കും.' സിഎസ്‌കെ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

ധോണിക്ക് പരിക്ക് പറ്റിയതോടെ വിക്കറ്റ് കീപ്പർ റോളിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍ എത്തും. എംഎസ്ഡിയുടെ പിന്‍ഗാമിയായിട്ട് തന്നെയാണ് സഞ്ജുവിനെ സിഎസ്കെ ടീം മാനേജ്മെന്റ് കണക്കാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ലേലത്തിന് മുന്നോടിയായി വലിയൊരു ട്രേഡിലൂടെയാണ് സഞ്ജു സാംസൺ ചെന്നൈയിലെത്തിയത്. വരുമെന്നും വരില്ലെന്നും അങ്ങനെ അഭ്യൂഹങ്ങളുടെ പെരുമഴയ്ക്കിടയിലൂടെ ആയിരുന്നു സഞ്ജുവിന്റെ ആ സൈനിങ്‌. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ രണ്ട് പ്രമുഖ താരങ്ങളെ രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയാണ് സിഎസ്‌കെ സഞ്ജുവിനെ ടീമിലെത്തിച്ചതും.

2020-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഐപിഎല്ലില്‍ മാത്രമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. 2025 ഐപിഎൽ സീസണില്‍ ചെന്നൈക്കായി 14 മത്സരങ്ങളിലും അദ്ദേഹം കളത്തിലിറങ്ങിയിരുന്നു. 135.17 സ്‌ട്രൈക്ക് റേറ്റില്‍ 196 റണ്‍സാണ് അദ്ദേഹം സീസണിൽ അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് പരിക്കുപറ്റി സീസണിൽ പുറത്തുപോയപ്പോൾ ടീമിനെ നയിച്ചതും ധോണി തന്നെയായിരുന്നു . ധോണിക്ക് പരിക്കേറ്റത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും, സഞ്ജു സാംസണെപ്പോലൊരു താരം ടീമിലുള്ളത് ആരാധകര്‍ക്ക് നേരിയ ആശ്വാസമാണ് നൽകുന്നത്.

Content highlight: MS Dhoni set to miss IPL matches because of injury and Sanju will keep

dot image
To advertise here,contact us
dot image