'2025 ലെ കണക്കുകൾ പന്ത് ഇത്തവണ തീർക്കും'; ചോദ്യങ്ങൾക്ക് മറുപടിയുമായി സഞ്ജീവ് ഗോയങ്ക

2025 സീസണില്‍ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്കാണ് പന്ത് ലഖ്നൗവിലെത്തിയത്

'2025 ലെ കണക്കുകൾ പന്ത് ഇത്തവണ തീർക്കും'; ചോദ്യങ്ങൾക്ക് മറുപടിയുമായി സഞ്ജീവ് ഗോയങ്ക
dot image

ക്യാപ്റ്റൻ റിഷഭ് പന്തിൽ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും 2026 സീസണില്‍ അദ്ദേഹം ടീമിനെ മികച്ച രീതിയില്‍ നയിക്കുമെന്നും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെയും വിമര്‍ശനങ്ങളെയും താന്‍ ചിരിയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

2025 സീസണില്‍ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്കാണ് പന്ത് ലഖ്നൗവിലെത്തിയത്. എന്നാല്‍ 14 മത്സരങ്ങളില്‍ നിന്ന് വെറും 269 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ടീം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ പന്തിന്റെ ക്യാപ്റ്റന്‍സിയും വിമര്‍ശിക്കപ്പെട്ടു. ഇതിനോടായിരുന്നു ഗോയങ്കയുടെ പ്രതികരണം.

'നാല് പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍ പരിക്കേറ്റ് പുറത്തിരിക്കുമ്പോള്‍ ഒരു ക്യാപ്റ്റന് എന്ത് ചെയ്യാന്‍ കഴിയും? ലഭ്യമായ സാഹചര്യങ്ങളില്‍ നിന്നാണ് നമ്മള്‍ വിലയിരുത്തേണ്ടത്. പന്ത് ലഖ്നൗവില്‍ തുടരുമോ എന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതൊക്കെ കേട്ട് എനിക്ക് ചിരിയാണ് വരുന്നത്. സോഷ്യല്‍ മീഡിയയ്ക്ക് ചിലപ്പോള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ആവശ്യമായിരിക്കും. അതുകൊണ്ടാണ് ഇത്തരത്തില്‍ സംസാരം വരുന്നത്.' സഞ്ജീവ് ഗോയങ്ക പറഞ്ഞു.

ലഖ്നൗ ഇത്തവണ കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. മുഹമ്മദ് ഷമിയെ ഹൈദരാബാദില്‍ നിന്നും അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈയില്‍ നിന്നും ടീം ട്രേഡ് വഴി സ്വന്തമാക്കി. റിഷഭ് പന്ത് (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, മിച്ചല്‍ മാര്‍ഷ്, മായങ്ക് യാദവ്, ആവേശ് ഖാന്‍, ഷഹബാസ് അഹമ്മദ്, എയ്ഡന്‍ മാര്‍ക്രം, വാനിന്ദു ഹസരംഗ എന്നിവരാണ് പ്രധാന താരങ്ങള്‍. മുഹമ്മദ് ഷമി, ജോഷ് ഇന്‍ഗ്ലിസ്, ആന്റിച്ച് നോര്‍ക്കിയ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് പുതുതായി എത്തിയ താരങ്ങള്‍.

Content Highlights: sanjiv goenka about rishabh pant lsg ipl 2026 news

dot image
To advertise here,contact us
dot image