

ഐപിഎൽ 2026-ന് സീസണിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദേശ താരങ്ങളുടെ ലഭ്യതയെച്ചൊല്ലി പുതിയ വിവാദം. ഡൽഹി ക്യാപ്പിറ്റൽസ് വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്കിന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്ന വാർത്തകൾ വന്നതോടെയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പൊട്ടിത്തെറിച്ചത്.
പരിക്കൊന്നുമില്ലാതിരുന്നിട്ടും 'ജോലിഭാരം' ചൂണ്ടിക്കാട്ടി സ്റ്റാർക്കിനെ തടഞ്ഞുവെക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഓസ്‌ട്രേലിയൻ ബോർഡിനെ ചോദ്യം ചെയ്തത്. മിച്ചൽ സ്റ്റാർക്കിന് പരിക്കില്ല, അദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്നുമില്ല. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം മത്സരക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നിട്ടും ഐപിഎൽ തുടങ്ങുമ്പോൾ വിശ്രമം വേണമെന്ന് പറയുന്നത് എന്ത് യുക്തിയാണ്? ജോഷ് ഹേസൽവുഡിനും പാറ്റ് കമ്മിൻസിനും പിന്നാലെ സ്റ്റാർക്കിനെയും തടഞ്ഞുവെക്കുന്നത് ശരിയല്ല, ചോപ്ര നിരീക്ഷിച്ചു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര മുൻനിർത്തിയാണ് താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്റ്റാർക്കിന് പുറമെ ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസനും ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിൽ കളിക്കില്ലെന്ന വാർത്ത ചോപ്ര ചൂണ്ടിക്കാട്ടി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് ഫെർഗൂസൻ വിട്ടുനിൽക്കുമെന്നാണ് സൂചന. "രണ്ട് കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് വാങ്ങിയ താരം ഏഴ് മത്സരങ്ങൾ നഷ്ടപ്പെടുത്തുന്നത് ടീമിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. ലേലത്തിൽ പങ്കെടുത്ത ശേഷം ഇത്തരത്തിൽ വിട്ടുനിൽക്കുന്നത് ടീമുകളെ പ്രതിസന്ധിയിലാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ താരങ്ങൾ ഇത്തരത്തിൽ അവസാന നിമിഷം പിൻമാറുന്നത് ഐപിഎൽ ടീം ഉടമകളെ ചൊടിപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപ നിക്ഷേപിക്കുന്ന ഫ്രാഞ്ചൈസികൾക്ക് താരങ്ങളുടെ ഈ നിലപാട് വലിയ തിരിച്ചടിയാണ്.
Content Highlights: aakash-chopra-slams-cricket-australia-mitchell-starc-ipl-2026-workload-controversy