

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. കെകെആറിന്റെ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയ്ക്ക് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടും. കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകന്‍ അഭിഷേക് നായര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കാലിലെ പരിക്കിനെ തുടർന്ന് 2026 ലെ ടി20 ലോകകപ്പിൽ നിന്ന് പുറത്തായ പതിരാന ഇപ്പോൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനൊപ്പം റീഹാബിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാകാത്ത സാഹചര്യത്തിൽ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ട്. ഏപ്രിൽ പകുതിയോടെ പതിരാന പൂർണ്ണമായും ഫിറ്റ്നസ് ആകുമെന്നും ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുകയാണെന്നും കെകെആറിന്റെ പ്രീ-സീസൺ വാർത്താസമ്മേളനത്തിൽ അഭിഷേക് നായർ പറഞ്ഞു.
ടി20 ലോകകപ്പില്‍ ഓസീസിനെതിരായ മത്സരത്തിനിടെയായിരുന്നു താരത്തിന്റെ തുടയ്ക്ക് പരിക്കേറ്റത്. നാലോവര്‍ പൂര്‍ത്തിയാക്കിയ ശേഷം മുടന്തിയാണ് താരം മൈതാനം വിട്ടത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ കളിക്കളത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്പ് ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം കളിച്ചത്.
ചെന്നൈ സൂപ്പർ കിംഗ്സ് റിലീസ് ചെയ്ത പതിരാനയെ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് കെകെആർ ടീമിലെത്തിച്ചത്. സീസണിന്റെ ഇടയില്‍ എത്തിയേക്കുമെന്ന പ്രതീക്ഷയില്‍ കൊല്‍ക്കത്ത പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല. നേരത്തെ ടീമിലെ മുഖ്യ പേസറായ ഹര്‍ഷിത് റാണയ്ക്ക് പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായിരുന്നു. മുസ്തഫിസുറിനെ വിവാദങ്ങള്‍ കാരണം കൈവിട്ട കെകെആര്‍ സിംബാബ്വെ പേസര്‍ ബ്ലെസിങ് മുസറബാനിയെ ടീമിലെത്തിച്ചിരുന്നു.നിലവില്‍ മുസറബാനിയാണ് കൊല്‍ക്കത്തയിലെ ഏക വിദേശ പേസര്‍. മാര്‍ച്ച് 31ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.
Content Highlights: Big Blow for KKR, Matheesha Pathirana set to miss early part of IPL 2026