'സിഎസ്‌കെയില്‍ സഞ്ജു ഇറങ്ങേണ്ടത് ഓപ്പണിങ്ങില്‍ അല്ല'; മാസ്റ്റർ പ്ലാനുമായി സുരേഷ് റെയ്‌ന

'സഞ്ജുവിനെപ്പോലെ പരിചയസമ്പത്തുള്ള താരം കൂടെയുണ്ടാകുന്നത് ചെന്നൈയ്ക്ക് വലിയ പിന്തുണയാകും'

'സിഎസ്‌കെയില്‍ സഞ്ജു ഇറങ്ങേണ്ടത് ഓപ്പണിങ്ങില്‍ അല്ല'; മാസ്റ്റർ പ്ലാനുമായി സുരേഷ് റെയ്‌ന
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് എത്തിയത് വലിയ പ്രതീക്ഷകളോടെയാണ്. ടി20 ലോകകപ്പിൽ നിർണായക പ്രകടനം കാഴ്ചവെച്ച് ടൂർണമെന്റിന്റെ താരമായ സഞ്ജു സിഎസ്കെയിലെത്തുമ്പോൾ സഞ്ജു സാംസണ് വലിയ ഉത്തരവാദിത്തം തന്നെയാണുള്ളത്. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങി മിന്നിയ സഞ്ജു സിഎക്സെയിൽ ഏത് റോളിലാവും കളിക്കുകയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിം​ഗ്സിൽ‌ സഞ്ജുവിന് മികച്ച പൊസിഷൻ‌ നിർദേശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ താരം സുരേഷ് റെയ്ന. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി മലയാളി താരം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് റെയ്‌നയുടെ അഭിപ്രായം. ടീമിന്‍റെ ബാറ്റിംഗ് നിരയ്ക്ക് കൃത്യമായ ബാലൻസും സ്ഥിരതയും നൽകാൻ സഞ്ജു ഈ സ്ഥാനത്ത് കളിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും താരം പറഞ്ഞു.

'വർഷങ്ങളോളം രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനായിരുന്നു സഞ്ജു സാംസൺ. അദ്ദേഹത്തിന്‍റെ റോൾ ഇവിടെ വ്യക്തമാണെന്നാണ് ഞാൻ കരുതുന്നത്. മൂന്നാം നമ്പറിൽ സഞ്ജു കളിക്കുകയാണെങ്കിൽ അത് ചെന്നൈ ടീമിന് ഉപകാരമാകും. കാരണം നാലാമനായി ഡെവാൾഡ് ബ്രെവിസിനും അഞ്ചാമനായി ശിവം ദുബെയ്ക്കും ഇറങ്ങാം. സഞ്ജുവിനെപ്പോലെ പരിചയസമ്പത്തുള്ള താരം കൂടെയുണ്ടാകുന്നത് ചെന്നൈയ്ക്ക് വലിയ പിന്തുണയാകും', ജിയോ ഹോട്ട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന പറഞ്ഞു.

മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽനിന്നുള്ള കൂടുമാറ്റത്തിനുശേഷം ചെന്നൈ സൂപ്പർ കിം​ഗ്സിൽ ആദ്യ സീസണിനിറങ്ങുകയാണ്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ സഞ്ജു ആദ്യം ഇറങ്ങുന്നത് മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് എന്നതാണ് പ്രത്യേകത. മാർച്ച് 30ന് ​ഗുവാഹത്തിയിലാണ് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിം​ഗ്സും നേർക്കുനേർ ഇറങ്ങുന്നത്. ചെന്നൈ സൂപ്പർ കിം​ഗ്സിൽ നിന്ന് രാജസ്ഥാൻ റോയൽസിലെത്തിയ സൂപ്പർ‌ താരം രവീന്ദ്ര ജഡേജയും തന്റെ മുൻ ക്ലബ്ബിനെതിരെയാണ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

Content Highlights: IPL 2026: CSK Legend Suresh Raina suggests ideal position for Sanju Samson

dot image
To advertise here,contact us
dot image