

ലോകകപ്പ് കിരീടം ക്ഷേത്രത്തിൽ കൊണ്ടുപോയതിനെതിരെ നടത്തിയ വിമർശനത്തിന് ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ നൽകിയ മറുപടിയോടു പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ കീർത്തി ആസാദ്.
കളിക്കാരെ തരംതാഴ്ത്താൻ പാടില്ലെന്നു ഗംഭീർ പറഞ്ഞതു ശരിവച്ച ആസാദ് എന്നാൽ ജനാധിപത്യ സമൂഹത്തിൽ എല്ലാ മതങ്ങൾക്കും ഇടയിൽ പരസ്പര ബഹുമാനം നിലനിർത്തണമെന്നും പറഞ്ഞു. കായികതാരങ്ങളെ അന്തസ്സോടെ കാണണമെന്നും എന്നാൽ അവർ പെരുമാറ്റത്തിൽ ഉത്തരവാദിത്തം പുലർത്തണമെന്നും കീർത്തി ആസാദ് മാധ്യമങ്ങളോടു പറഞ്ഞു.
‘അതെ, തീർച്ചയായും, കളിക്കാരെ തരംതാഴ്ത്താൻ പാടില്ല. കളിക്കാർ അവരുടെ നിലവാരത്തെയും തരംതാഴ്ത്തരുത്. നമ്മുടേത് എല്ലാ മതസ്ഥരും ജീവിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ്, എല്ലാവരും ബഹുമാനിക്കപ്പെടണം.’ ആസാദ് പറഞ്ഞു. ‘എല്ലാ മതസ്ഥരും ഉൾപ്പെടുന്ന ടീം ഇന്ത്യ വിജയിച്ചപ്പോൾ 140 കോടി ജനങ്ങൾ ആവേശത്തിലായിരുന്നു. ഒരു കായികതാരമോ കായിക വിനോദമോ ഒരു മതത്തിലോ ജാതിയിലോ പെട്ടതല്ല, മറിച്ച് കായികരംഗത്തിന്റേത് മാത്രമാണ്. ഒരു കായികതാരം എന്ന നിലയിൽ ഞാൻ പറയുന്നു, ടീം ഇന്ത്യ ഭാരതത്തെ വിജയിപ്പിച്ചു. ടീം ഇന്ത്യ ജയിച്ചു, ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്.’– ആസാദ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ഫൈനലിനു ശേഷം ട്വന്റി20 ലോകകപ്പ് ട്രോഫി ക്ഷേത്രത്തിൽ കൊണ്ടുപോയതിന് ഗംഭീർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവരെ വിമർശിച്ച് ആസാദ് രംഗത്തെത്തിയിരുന്നു. ഇതിനു ഗംഭീർ മറുപടിയും നൽകി. 1983ൽ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമാണ് ആസാദ്. ലോകകപ്പ് വിജയത്തിന് പിന്നാലെ സൂര്യകുമാർ, ഗംഭീർ, ഐസിസി ചെയർ ജയ് ഷാ എന്നിവർ സ്റ്റേഡിയത്തിന് അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് പോയി അനുഗ്രഹം തേടുകയും ഒപ്പം ട്രോഫി കൊണ്ടുപോവുകയും ചെയ്തത്.
ഇതിനെ വിമർശിച്ചായിരുന്നു കീർത്തി ആസാദിന്റെ പോസ്റ്റ്. രാഷ്ട്രീയമോ മതപരമോ ആയ ഇടപെടലുകളില്ലാതെ സ്വന്തം രീതിയിൽ ആഘോഷിക്കാൻ കളിക്കാരെ അനുവദിക്കണമെന്നായിരുന്നു അതിനോട് ഗംഭീറിന്റെ പ്രതികരണം.
Content Highlights : kirti azad slams gautam gambhir on arshdeep singh remarks