

ടി 20 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലണ്ട് ഏറെ പ്രതീക്ഷ വെച്ചിരുന്ന താരമാണ് ജോസ് ബട്‌ലര്‍. എന്നാൽ ഈ ടൂർണമെന്റിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 8.85 ശരാശരിയില്‍ വെറും 62 റണ്‍സ് മാത്രമാണ് ഇത് വരെ ഇംഗ്ലണ്ട് വെറ്ററന്‍ താരം അടിച്ചെടുത്തത്.
കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളിലും രണ്ടക്കം കാണാതെ പുറത്തായ ഇംഗ്ലീഷ് ഓപ്പണറുടെ ഈ കണക്കുകള്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഘട്ടമാണ്.
എന്നാല്‍, വ്യാഴാഴ്ച വാംഖഡെയില്‍ ഇന്ത്യക്കെതിരെ നടക്കുന്ന സെമി ഫൈനലില്‍ ബട്‌ലറെ എഴുതിത്തള്ളാന്‍ ടീം ഇന്ത്യ തയ്യാറാവില്ല. വലിയ ടൂര്‍ണമെന്റുകളില്‍ ശക്തമായി തിരിച്ചുവരാനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് ഇതിന് കാരണം.
ഫോമിലല്ലെങ്കിലും വാംഖഡെ സ്റ്റേഡിയം ബട്ട്ലറെ സംബന്ധിച്ച് എന്നും പ്രിയപ്പെട്ട ഇടമാണ്. വാംഖഡെയില്‍ ഐപിഎല്ലിലും മറ്റുമായി 31 മത്സരങ്ങളില്‍ നിന്ന് 909 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ശരാശരി 32.46. സ്‌ട്രൈക്ക് റേറ്റ് 143.82. 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനായി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അദ്ദേഹം നേടിയ 116 റണ്‍സ് വാംഖഡെ കണ്ട മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണ്.
ബട്ലറുടെ ചരിത്രം പരിശോധിച്ചാല്‍ നിര്‍ണായക മത്സരങ്ങളില്‍ അദ്ദേഹം തന്റെ പ്രകടനം മെച്ചപ്പെടുത്താറുണ്ട് എന്ന് കാണാം. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ 56.50 എന്ന മികച്ച ശരാശരിയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്.
ബട്ലര്‍ ഫോമിലല്ലെങ്കിലും ഇംഗ്ലീഷ് ക്യാമ്പില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ചോദ്യം ചെയ്യപ്പെടാത്തതാണെന്ന് നായകന്‍ ഹാരി ബ്രൂക്ക് വ്യക്തമാക്കി. 'അദ്ദേഹത്തോട് അധികമൊന്നും സംസാരിക്കേണ്ടി വരാറില്ല. പലപ്പോഴും അദ്ദേഹത്തെ സ്വസ്ഥമായി വിടുന്നതാണ് നല്ലത്. വര്‍ഷങ്ങളായി ലോകോത്തര ക്രിക്കറ്ററാണ് അദ്ദേഹം. ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉദിക്കുന്നില്ല.' ബ്രൂക്ക് പറഞ്ഞു.
Content Highlights: T 20 Worldcup ; jos buttler stats wankhede stadium