സഞ്ജു സാംസണെതിരെ വംശീയാധിക്ഷേപം; കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്‌

സഞ്ജുവിന്റെ പ്രകടനത്തിന് ശേഷം ഒരു ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്

സഞ്ജു സാംസണെതിരെ വംശീയാധിക്ഷേപം; കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്‌
dot image

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയും മലയാളി താരവുമായ സഞ്ജു സാംസണെതിരെ കടുത്ത വംശീയ അധിക്ഷേപം. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ഇന്ത്യയെ വിജയത്തിലേക്കും സെമിയിലേക്കും എത്തിച്ചതിന് പിന്നാലെയാണ് മലയാളി താരത്തെ വംശീയമായി അധിക്ഷേപിച്ച് പോസ്റ്റുയര്‍ന്നത്. ഇതിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കുകയും ചെയ്തു.

സഞ്ജുവിന്റെ പ്രകടനത്തിന് ശേഷം ഒരു ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരാള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 'കറുത്ത ശക്തികള്‍ക്ക് മാത്രമേ കറുത്ത ശക്തികളെ തോല്‍പ്പിക്കാന്‍ സാധിക്കൂ, സഞ്ജു സാംസണ്‍ നന്നായി കളിച്ചു', എന്നായിരുന്നു വിന്‍ഡീസ് താരങ്ങളെയും സഞ്ജു സാംസണെയും ഒരുപോലെ അധിക്ഷേപിച്ചുള്ള പോസ്റ്റ്.

എക്‌സിലെ ഈ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. 'ഇത്തരത്തിലുള്ള നീചമായ വംശീയതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല', എന്ന് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് എക്‌സിലൂടെയാണ് കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചത്.

2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയുടെ മാച്ച് വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Content Highlights: Racial Comments against Sanju Samson, Congress files complaint for Union Minister

dot image
To advertise here,contact us
dot image