

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്‌വെക്കെതിരായ നിർണായക പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം സുരേഷ് റെയ്ന. ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് സഞ്ജു സാംസണെയും അക്സർ പട്ടേലിനെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് റെയ്നയുടെ പക്ഷം.
എന്നാൽ സഞ്ജുവിനെ ഇന്ത്യയുടെ ഓപ്പണർ ആയി ഇറക്കുന്നതിന് പകരം താരത്തെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കണമെന്നാണ് മുൻ താരം സുരേഷ് റെയ്ന നിർദേശിക്കുന്നത്. തിലക് വർമയ്ക്ക് പകരം സഞ്ജുവിനെ ഇറക്കുന്നത് ടീമിന് കൂടുതൽ ബാലൻസ് നൽകുമെന്നും റെയ്ന അഭിപ്രായപ്പെട്ടു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സഞ്ജുവിന് ചെപ്പോക്കിലെ കാണികളുടെ വലിയ പിന്തുണ ലഭിക്കുമെന്നതും റെയ്ന ചൂണ്ടിക്കാട്ടി.
'സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കിയാൽ ടീമിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ടീമിന്റെ നിർണായക ഘട്ടത്തിൽ ഒരു വലം കൈ ബാറ്ററുടെ സാന്നിധ്യം ആവശ്യമാണ്. അതിനാൽ സഞ്ജുവിനെ ഉൾപ്പെടുത്തുന്നത് മത്സരത്തിന്റെ ഗതി മാറ്റും. വലിയ ഷോട്ടുകൾ കളിക്കാനും സമ്മർദ്ദം കൈകാര്യം ചെയ്യാനും കഴിയുന്ന താരമാണ് സഞ്ജു', റെയ്ന പറഞ്ഞു.
ബോളിങ്ങിൽ ആധിപത്യം സ്ഥാപിക്കാൻ വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിനെ ഇലവനിൽ ഉൾപ്പെടുത്തണമെന്നും റെയ്ന വ്യക്തമാക്കി. 'ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാണ്, അത് കൊണ്ട് അക്സറിനെ ടീമിൽ കൊണ്ടുവരണം. വാഷിങ്ടൺ സുന്ദറിന് പകരം അക്സർ കളിക്കണം. അത് ടീമിനു ഗുണം ചെയ്യും', റെയ്ന കൂട്ടിച്ചേർത്തു.
Content Highlights: Sanju Samson at third: Suresh Raina suggests changes in India's playing 11 for IND vs ZIM T20 World Cup 2026 clash