സഞ്ജുവിനെ ഇറക്കൂ! പക്ഷേ പുറത്താക്കേണ്ടത് അഭിഷേകിനെയല്ല, മറ്റൊരു താരത്തെ; ആവശ്യം ശക്തം

സഞ്ജുവിനെ ഇലവനിൽ തിരിച്ചെത്തിക്കാൻ പുറത്താക്കേണ്ടത് അഭിഷേക് ശർമയെയല്ലെന്നാണ് ഒരുകൂട്ടം ആരാധകർ വാദിക്കുന്നത്

സഞ്ജുവിനെ ഇറക്കൂ! പക്ഷേ പുറത്താക്കേണ്ടത് അഭിഷേകിനെയല്ല, മറ്റൊരു താരത്തെ; ആവശ്യം ശക്തം
dot image

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ കളിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. നെതർലാൻഡ്സിനെതിരായ മത്സരത്തിലും ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ ഡക്കായി മടങ്ങിയതോടെയാണ് സഞ്ജുവിനെ ഇലവനിൽ ഇറക്കണമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നത്. ഫോംഔട്ടായ അഭിഷേകിന് പകരം നിർണായകമായ സൂപ്പർ എട്ട് റൗണ്ടിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസണ് അവസരം ഒരുങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

എന്നാല്‍ സഞ്ജുവിനെ ഇലവനിൽ തിരിച്ചെത്തിക്കാൻ പുറത്താക്കേണ്ടത് അഭിഷേക് ശർമയെയല്ലെന്നാണ് ഒരുകൂട്ടം ആരാധകർ വാദിക്കുന്നത്. തിലക് വർമയ്ക്ക് പകരമാണ് സഞ്ജു പ്ലേയിങ് ഇലവനില്‍ എത്തേണ്ടതെന്നാണ് ആരാധകരിൽ ചിലരുടെ ആവശ്യം. എല്ലാ മത്സരങ്ങളിലും 25ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും തിലകിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്. ഏകദിന ശൈലിയിലാണ് തിലകിന്റെ ബാറ്റിങ്. വണ്‍ ഡൗണായി ക്രീസിലെത്തുന്ന താരത്തിന് പവര്‍ പ്ലേ മുതലാക്കാന്‍ പോലും സാധിക്കുന്നില്ല. ഇതാണ് താരത്തെ പുറത്താക്കണമെന്ന് ആരാധകർ ആവശ്യപ്പെടാനുള്ള കാരണം.

ടൂര്‍ണമെന്‍റില്‍ ഇതുവരെ നമീബിയയ്ക്കെതിരെ മാത്രമാണ് സഞ്ജു കളിക്കാനിറങ്ങിയത്. എട്ട് പന്തില്‍ 22 അടിച്ച് മികച്ച തുടക്കം നല്‍കിയ സഞ്ജു ലഭിച്ച അവസരം മുതലെടുക്കുകയും ചെയ്തു. എന്നാല്‍ അഭിഷേക് ശര്‍മ ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജു വീണ്ടും ബെഞ്ചിലാവുകയായിരുന്നു. എന്നാൽ ടൂർണമെന്റിന്റെ നിർണായക ഘട്ടമായ സൂപ്പർ 8ൽ ഇന്ത്യ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നിവരുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ അഭിഷേകിന്റെ മോശം ഫോം കണക്കിലെടുത്ത് സൂര്യകുമാർ നയിക്കുന്ന ടീം സഞ്ജുവിനെ പ്ലെയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജുവിനുള്ള മികച്ച റെക്കോർഡും ടീം മാനേജ്‌മെന്റിന് പരിഗണിക്കാനുള്ള ശക്തമായ കാരണമാണ്. പ്രോട്ടീസിനെതിരെ കളിച്ച അഞ്ച് ടി20 മത്സരങ്ങളിൽ, 31 വയസുകാരനായ സഞ്ജു 63.25 ശരാശരിയിലും 190.22 സ്ട്രൈക്ക് റേറ്റിലും 253 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനെ സൂപ്പർ എട്ടിൽ പരിഗണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Content Highlights: T20 World Cup 2026: Tilak Varma should Dropped from eleven and include Sanju Samson, Fans reacts

dot image
To advertise here,contact us
dot image