'ഇങ്ങനെ കലിപ്പാവല്ലേ ഭായ്'; ഗ്രൗണ്ടിലെ 'വാക്കേറ്റ'ത്തിന് പിന്നാലെ കുല്‍ദീപിനോട് സൂര്യ, രസകരമായി റീല്‍

ഗ്രൗണ്ടിലെ വാക്കേറ്റത്തിന് സൂര്യയോട് പിണങ്ങിനടന്ന് 'പ്രതികാരം' ചെയ്യുന്ന കുൽദീപാണ് വീഡിയോയിലുള്ളത്

'ഇങ്ങനെ കലിപ്പാവല്ലേ ഭായ്'; ഗ്രൗണ്ടിലെ 'വാക്കേറ്റ'ത്തിന് പിന്നാലെ കുല്‍ദീപിനോട് സൂര്യ, രസകരമായി റീല്‍
dot image

ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിന് ശേഷം കുൽദീപ് യാ​ദവിനോട് ഹാർദിക് പാണ്ഡ്യയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും കയർത്തുസംസാരിച്ചത് വാർത്തയായിരുന്നു. മത്സരത്തില്‍ അനായാസ ക്യാച്ച് നഷ്ടമാക്കിയതിന് ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവില്‍ നിന്നും കുൽദീപിന് ശകാരം കേട്ടത്. പാകിസ്താനെതിരായ മത്സരത്തിനൊടുവിലാണ് ഹാര്‍ദിക് തന്‍റെ പന്തില്‍ ഷഹീന്‍ ഷാ അഫ്രീദി നല്‍കിയ അനായാസ ക്യാച്ച് കൈവിടുകയും സിക്സ് വഴങ്ങുകയും ചെയ്തതിന് കുല്‍ദീപിനെ ശകാരിച്ചത്. മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയതിന് ശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം ചെയ്യാനൊരുങ്ങിയപ്പോൾ കുല്‍ദീപിന്‍റെ പുറത്ത് തട്ടി സൂര്യകുമാര്‍ യാദവും ശകാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തിന് ശേഷം കുൽദീപ് യാദവും സൂര്യകുമാറും തമ്മിലുള്ള രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ​ഗ്രൗണ്ടിലെ വാക്കേറ്റത്തിന് സൂര്യയോട് പിണങ്ങിനടന്ന് 'പ്രതികാരം' ചെയ്യുന്ന കുൽദീപാണ് വീഡിയോയിലുള്ളത്. തനിക്കുനേരെ നടന്നുവരുമ്പോൾ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന സൂര്യയുടെ പുറത്തൊരു തട്ടുംകൊടുത്ത് കുല്‍ദീപ് അരിശത്തോടെ നടന്നു നീങ്ങുന്നതും സൂര്യ ഇത് കണ്ട് അമ്പരന്നു നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്. 'ഇങ്ങനെ കലിപ്പാവല്ലേ ഭായ്' എന്ന ക്യാപ്ഷനോടെ സൂര്യയുടെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്ന റീൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

പാകിസ്താനെതിരായ മത്സരശേഷം ഇന്ത്യൻ താരങ്ങൾ ഹസ്‌തദാനം നൽകുമ്പോഴാണ് സംഭവം ഉണ്ടായത്. കുൽദീപ് യാദവിന് അടുത്തെത്തിയ ഹാർദിക് പാണ്ഡ്യ ചൂടാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥിതി വഷളാകാതിരിക്കാനായി റിങ്കു സിങ് ഇടപെടുന്നതും വീഡിയോയിൽ കാണാം.

ഹാർദിക്കിന്റെ ഓവറിലെ രണ്ടാമത്തെ പന്തിൽ ഷഹീൻ അഫ്രീദി ഒരു പുൾ ഷോട്ട് കളിച്ചിരുന്നു. ബൗണ്ടറി ലൈനിന് സമീപം നിന്നിരുന്ന കുൽദീപിന്റെ അടുത്തേക്ക് പന്ത് എത്തിയെങ്കിലും താരത്തിന് അത് കയ്യിലൊതുക്കാൻ കഴിഞ്ഞില്ല. മാത്രവുമല്ല പന്ത് ബൗണ്ടറി കടന്ന് സിക്‌സ് ആയി മാറുകയും ചെയ്തു. ഇതാണ് ഹാർദിക്കിനെ ചൊടിപ്പിച്ചത്. ക്യാച്ച് നഷ്ടപ്പെടുത്തിയത് കണ്ട ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും കുൽദീപിനോട് സംസാരിച്ചിരുന്നു.

Content Highlights: 

dot image
To advertise here,contact us
dot image