

ടി 20 ലോകകപ്പിലെ ഗ്രൂപ്പ് സി പോരിൽ നേപ്പാളിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത് നേപ്പാൾ മുന്നോട്ടുവെച്ച എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന വിജയലക്ഷ്യം 24 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിൻഡീസ് മറികടന്നു.
വിൻഡീസിനായി ക്യാപ്റ്റൻ ഷായ് ഹോപ് , ഹെറ്റ്മെയർ എന്നിവർ തിളങ്ങി. ഹോപ് 44 പന്തിൽ മൂന്ന് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 61 റൺസ് നേടി. ഹെറ്റ്മെയർ 32 പന്തിൽ 46 റൺസ് നേടി. ബ്രണ്ടൻ കിംഗ് 22 റൺസ് നേടി.
നേരത്തെ വൻ തകർച്ചയോടെ തുടങ്ങിയ നേപ്പാളിനെ ദിപേന്ദ്ര സിങാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. താരം 47 പന്തിൽ മൂന്ന് സികസറും മൂന്ന് ഫോറുകളും അടക്കം 58 റൺസ് നേടി. 15 പന്തിൽ 26 റൺസ് നേടി സോമപാൽ കാമിയും സംഭാവന നൽകി. വിൻഡീസിനായി ജേസൺ ഹോൾഡർ നാല് വിക്കറ്റുകൾ നേടി.
വിജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റോടെ വിൻഡീസ് സൂപ്പർ എട്ട് ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളും തോറ്റ നേപ്പാളിന്റെ പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തു.
Content Highlights: t20 Worldcup; West indies qualify in to super 8 by beating nepal