

2026 വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കള്‍. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും കിരീടത്തില്‍ മുത്തമിട്ടത്. വഡോദരയില്‍ അവസാന ഓവറിലേക്ക് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ആര്‍സിബി വനിതകള്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി മറികടന്നു. ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ജോര്‍ജിയ വോളും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിത്തിളങ്ങി.
വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബി സ്വന്തമാക്കുന്ന രണ്ടാം കിരീടമാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ വനിതാ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ റെക്കോര്‍ഡില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം എത്താന്‍ ആര്‍സിബിക്ക് സാധിച്ചു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായ നാലാം ഫൈനലിലും അടിയറവ് പറഞ്ഞിരിക്കുകയാണ്.
41 പന്തില്‍ 87 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ജോര്‍ജിയ വോളും ആര്‍സിബിക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടി. 54 പന്തില്‍ 79 റണ്‍സെടുത്ത വോളിനെ വിജയത്തിനരികെ മലയാളി താരം മിന്നുമണി പുറത്താക്കുകയായിരുന്നു.
Content Highlights: WPL 2026 Final, RCB vs DC: Royal Challengers Bengaluru beats Delhi Capitals to clinch title