കുണ്ടുവിന്റെ ഹെല്‍മെറ്റില്‍ തട്ടി പന്ത് ബൗണ്ടറിയില്‍, ഒറ്റ ബോളില്‍ അഫ്ഗാന് 9 റണ്‍സ്; 'അപൂര്‍വ നിയമം' ഇങ്ങനെ

ഇന്ത്യൻ താരം ദീപേഷ് ദേവേന്ദ്രൻ എറിഞ്ഞ 17-ാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്

കുണ്ടുവിന്റെ ഹെല്‍മെറ്റില്‍ തട്ടി പന്ത് ബൗണ്ടറിയില്‍, ഒറ്റ ബോളില്‍ അഫ്ഗാന് 9 റണ്‍സ്; 'അപൂര്‍വ നിയമം' ഇങ്ങനെ
dot image

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തിനിടെ നാടകീയ രംഗങ്ങള്‍. ഒറ്റ പന്തിൽ നോബോളോ സിക്സോ ആവാതെ ഇന്ത്യ ഒമ്പത് റണ്‍സ് വഴങ്ങിയതാണ് ആരാധകരെ അമ്പരപ്പിച്ചത്. ഇന്ത്യൻ താരം ദീപേഷ് ദേവേന്ദ്രൻ എറിഞ്ഞ 17-ാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഓവറിലെ ആദ്യത്തെ അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു ദീപേഷ് ദേവേന്ദ്രന്‍ വഴങ്ങിയിരുന്നത്. അവസാന പന്ത് ലെഗ് സൈഡിലേക്കാണ് ദീപേഷ് എറിഞ്ഞത്. അഫ്ഗാൻ താരം ഫൈസൽ ഷിനോസാദ ഈ പന്ത് അടിക്കാൻ ശ്രമിച്ചെങ്കിലും വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവിന്റെ കൈകളിൽ തട്ടി പന്ത് വഴുതിപ്പോയി. തുടർന്ന് ഗ്രൗണ്ടിൽ ഫീൽഡിംഗ് ടീം വെച്ചിരുന്ന ഹെൽമെറ്റിൽ തട്ടിയ പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. ഇതോടെ ഹെല്‍മെറ്റില്‍ തട്ടിയതിന് പെനാല്‍റ്റിയായി അഞ്ച് റണ്‍സും പന്ത് ബൗണ്ടറി കടന്നതോടെ ലഭിച്ച നാലു റണ്‍സും ചേര്‍ത്താണ് അഫ്ഗാനിസ്ഥാന് ഒരു പന്തില്‍ 9 റൺസ് ലഭിച്ചത്.

സാധാരണ രീതിയിൽ അസാധ്യമായ ഈ ഒമ്പത് റൺസ് സ്കോറിലേക്ക് എത്തിയത് ക്രിക്കറ്റിലെ പ്രത്യേക നിയമങ്ങൾ മൂലമാണ്. ക്രിക്കറ്റ് നിയമങ്ങൾ രൂപീകരിക്കുന്ന മെരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (MCC) 28.3.2 എന്ന നിയമം അനുസരിച്ചാണ് ഇത്തരമൊരു വിധി ഉണ്ടായത്. ഫീൽഡിംഗ് ടീം ഗ്രൗണ്ടിൽ വെച്ചിരിക്കുന്ന ഹെൽമെറ്റിലോ മറ്റ് ഉപകരണങ്ങളിലോ പന്ത് തട്ടിയാൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് നൽകണം എന്നതാണ്.

എംസിസി നിയമം 28.3.2 പ്രകാരം, ഫീൽഡിംഗ് സൈഡ് നിലത്ത് വെച്ചിരുന്ന ഹെൽമെറ്റിൽ പന്ത് തട്ടിയതിന് പെനാൽറ്റിയായി അഞ്ച് റൺസ് ബാറ്റിംഗ് ടീമിന് ലഭിക്കും. ഇതിനു പുറമെ പന്ത് ഉരുണ്ട് ബൗണ്ടറി ലൈൻ കടന്നതിനാൽ ലഭിച്ച നാല് റൺസും കൂടി ചേർത്താണ് അഫ്ഗാൻ സ്കോറിലേക്ക് ഒമ്പത് റൺസ് കൂട്ടിച്ചേർക്കപ്പെട്ടത്. ഒരു പന്തിൽ നോബോളോ വൈഡോ ഇല്ലാതെ തന്നെ ഇത്രയും വലിയൊരു സ്കോർ ലഭിച്ചത് ആരാധകർക്കിടയിൽ കൗതുകമുണർത്തുകയും ചെയ്തു.

Content Highlights: U19 World Cup 2026, IND vs AFG: Afghanistan was awarded five penalty runs off the bowling of Deepesh Devendran

dot image
To advertise here,contact us
dot image