

കഴിഞ്ഞ ജനുവരി 23നായിരുന്നു ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടി20 മത്സരം അരങ്ങേറിയത്. എന്നാൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യം വിവാദമായിരിക്കുകയാണ് ഇപ്പോൾ. മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിക്കാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. തുടർച്ചയായി മത്സരങ്ങൾ നടക്കുമ്പോൾ ബുംറയ്ക്ക് ഉണ്ടാകുന്ന ജോലിഭാരം മാനേജ്‌മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ വർഷം ജനുവരിയിൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ താരത്തിന് പരിക്കേറ്റ ശേഷം.
2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനുശേഷം ഒരു ഏകദിനത്തിൽ പോലും ബുംറ പന്തെറിഞ്ഞിട്ടില്ല. ഇന്ത്യ ചെറിയ ഇടവേളകളിൽ ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടി ഇറങ്ങുമ്പോൾ ബുംറയ്ക്ക് വിശ്രമമായിരുന്നു. ടി20 ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ബുംറയുടെ ഫിറ്റ്നസ് ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാകുകയാണ്. ബ്ലാക്ക് ക്യാപ്സിനെതിരായ ആദ്യ ടി20 മത്സരത്തിൽ ബുംറ കളിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ബുംറയ്ക്ക് പകരക്കാരനായി ഹർഷിത് റാണയാണ് കളത്തിലിറങ്ങിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയ പേസർക്ക് വിശ്രമം ആവശ്യമില്ലെന്നാണ് മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഒരു മാസത്തെ വിശ്രമം കഴിഞ്ഞാണ് ബുംറ കിവീസിനെതിരായ ആദ്യ ടി20യിൽ കളിച്ചത്.
'എന്തിനാണ് വിശ്രമം? എന്ത് ജോലിഭാരം? ശരിയായ വിശ്രമം എടുത്തതിന് ശേഷമാണ് ബുംറ ഇപ്പോൾ തിരികെ വന്നത്. വിശ്രമം നൽകണമെങ്കിൽ, അർഷ്ദീപ് സിംഗിന് വിശ്രമം നൽകുക', കൈഫ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ പറഞ്ഞു. ടീം കോമ്പിനേഷനു വേണ്ടി ബുംറയ്ക്ക് വിശ്രമം നൽകിയെങ്കിൽ അത് മാനേജ്‌മെന്റിന്റെ തെറ്റായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content highlight: Controversial decision to rest Bumrah for Raipur match