കിളിമാനൂർ വാഹനാപകടം; രജിത്തിന്റെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആശുപത്രിയുടെ അനാസ്ഥയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു

കിളിമാനൂർ വാഹനാപകടം; രജിത്തിന്റെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം
dot image

തിരുവനന്തപുരം : കിളിമാനൂരിലെ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. രജിത്തിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നാണ് കുടുംബം ​​​​ആരോപിക്കുന്നത്. യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞ് അപകട ദിവസം തന്നെ രജിത്തിനെ മടക്കി അയച്ചുവെന്നും മെഡിക്കൽ കോളേജിൽ നിന്നും എടുത്ത എക്സ്-റേ വ്യക്തമായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.

പിന്നീട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ നെഞ്ചുവേദനയും ശ്വാസംമുട്ടലും ഉണ്ടെന്ന് പറഞ്ഞതും ഡോക്ടർ അവഗണിച്ചു. പലതവണ പറഞ്ഞിട്ടും ഡോക്ടർ കാര്യമായ പരിശോധന നടത്താന്‍ തയ്യാറായില്ലെന്നും രഞ്ജിത്തിൻ്റെ സഹോദരൻ പറയുന്നു. 'നെഞ്ച് വേദന കലശലായതോടെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. അവിടെ നിന്നും എടുത്ത എക്സ്-റേയിലാണ് വാരിയെല്ലിൽ മൂന്ന് പൊട്ടലുകൾ ഉള്ളതായി കണ്ടെത്തിയത്. ഗുരുതരമായ പരിക്കെന്നാണ് ആ ഡോക്ടർ പറഞ്ഞത്. അന്നേ ദിവസമാണ് രജിത്ത് കുഴഞ്ഞുവീണ് മരിച്ചത്. മെഡിക്കൽ കോളേജിനെ വിശ്വസിച്ചതാണ് സഹോദരൻറെ ജീവൻ നഷ്ടമാകാൻ കാരണമായത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആശുപത്രിയുടെ അനാസ്ഥയെ കുറിച്ച് പറഞ്ഞിട്ടുണ്ട്' സഹോദരൻ പറഞ്ഞു.

അതേസമയം ദമ്പതികളുടെ മരണത്തിനിടയാക്കിയ കിളിമാനൂര്‍ വാഹനാപകടത്തിലെ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇടിച്ച വാഹനത്തിന്റെ ഉടമ വിഷ്ണുവാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്‌കോഡാണ് പ്രതിയെ പിടികൂടിയത്. കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ വെച്ചാണ് വിഷ്ണുവിനെ പിടികൂടിയത്. പ്രതിയെ ഡിവൈഎഫ്പി ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.

വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി. എസ്എച്ച്ഒ ബി ജയന്‍, എസ്ഐ അരുണ്‍, ജിഎസ്ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായെന്നും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സാക്ഷി മൊഴിയടക്കം രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ച പറ്റിയെന്നാണ് കണ്ടെത്തല്‍. ദക്ഷിണ മേഖലാ ഐജിയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറല്‍ എഎസ്പിക്കാണ് അന്വേഷണ ചുമതല.

ജനുവരി നാലിന് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനില്‍ രജിത്ത്(41)മരിച്ചത്. ഭാര്യ അംബിക(36) ജനുവരി ഏഴിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രജിത്തിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് മൃതദേഹവുമായി നാട്ടുകാര്‍ എം സി റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരുമടക്കം 58 പേര്‍ക്കെതിരെയാണ് കിളിമാനൂര്‍ പൊലീസ് കേസെടുത്തത്. അഭിഭാഷക സിജിമോള്‍ ഒന്നാം പ്രതിയും കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അധീഷ് രണ്ടാംപ്രതിയുമാണ്.

Content Highlight : Kilimanoor road accident; The family also alleged negligence on the part of the Medical College Hospital in Rajith's death.

dot image
To advertise here,contact us
dot image