

ഒരു ജിം ഉദ്ഘാടന വേദിയിൽ വെച്ച് അജു വർഗീസ് നടത്തിയ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഇങ്ങനെയൊരു ചടങ്ങിലേക്ക് തന്നെ അതിഥിയായി വിളിച്ചതിൽ ആദ്യം സംശയം തോന്നിയെന്നാണ് അജു പറഞ്ഞത്. നിവിൻ പോളിയെയും ധ്യാൻ ശ്രീനിവാസനെയുമാണ് നേരത്തെ ഈ ജിം ഉടമകൾ മുൻ ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തിന് വിളിച്ചതെന്ന് അറിഞ്ഞപ്പോൾ സംശയം മാറിയെന്നും അജു തമാശപൂർവ്വം കൂട്ടിച്ചേർത്തു.
'ഇങ്ങനെയൊരു ചടങ്ങിലേക്ക് എനിക്ക് ഇൻവിറ്റേഷൻ വന്നപ്പോൾ ഞാൻ മാനേജറോട് ചോദിച്ചു, നമ്മളെ തന്നെയാണോ വിളിക്കുന്നത് എന്ന്. അപ്പോൾ അവൻ പറഞ്ഞു, കഴിഞ്ഞ തവണ നിവിൻ പോളിയെയും, അതിന് മുൻപ് ധ്യാനിനെയും ആണ് ഇവർ വിളിച്ചിരുന്നത് എന്ന്. അത് കേട്ടപ്പോൾ എനിക്ക് കാര്യം മനസിലായി. ജിമ്മിൽ പോകേണ്ടവരെയാണ് ഇവർ ഇവിടെ കൊണ്ടുവരുന്നത്. ജിം മെമ്പർഷിപ്പ് എടുക്കേണ്ടത് നമ്മളാണല്ലോ. ഇത്തവണ എനിക്ക് നറുക്ക് വീണതിൽ സന്തോഷം,' അജു വർഗീസ് പറഞ്ഞു.

അടുത്തിടെ വർക്കൗട്ട് ചിത്രങ്ങളുമായി അജു പങ്കുവെച്ച പോസ്റ്റ് ഏറെ വൈറലായിരുന്നു. കഷ്ടപ്പെട്ട് വർക്കൗട്ട് ചെയ്യുന്നതിന്റെ ഈ ചിത്രങ്ങൾക്കൊപ്പം അജു നൽകിയിട്ടുള്ള ക്യാപ്ഷനാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ എന്നിവരാണ് എന്റെ ഹീറോസ് എന്നാണ് മൂവരെയും ടാഗ് ചെയ്തുകൊണ്ട് അജു കുറിച്ചത്. മലയാള സിനിമയിൽ ശരീര സംരക്ഷണത്തിലും ജിം വർക്കൗട്ടിലും ഏറെ ഏറെ ശ്രദ്ധ നൽകുന്ന നടന്മാരാണ് പൃഥ്വിയും ഉണ്ണി മുകുന്ദനും ടൊവിനോയും. ഇവരുടെ വർക്കൗട്ട് ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. അജു വർഗീസ് വർക്കൗട്ട് ചെയ്യാൻ തുടങ്ങിയതിനെ നിരവധി പേർ അഭിനന്ദിച്ചിരുന്നു.
ശരീര സംരക്ഷണവുമായി ബന്ധപ്പെട്ട വിനീത് ശ്രീനിവാസൻ തന്നോടും നിവിനോടും പറയാറുള്ളതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അജു പറഞ്ഞിരുന്നു. ഏത് കഥാപാത്രവും ചെയ്യാൻ കഴിയുന്ന രീതിയിൽ ശരീരത്തെ ഫ്ളെക്സിബിളായി സൂക്ഷിക്കണമെന്നാണ് വിനീത് നൽകിയിരുന്ന നിർദേശം എന്നാണ് അജു വർഗീസ് പറഞ്ഞത്. തടി വല്ലാതെ കൂടിയാൽ അഭിനയിക്കുമ്പോൾ കഥാപാത്രത്തിൽ ശ്രദ്ധ കൊടുക്കാനാകാതെ വയർ ചാടിയത് കാണുമോ തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ പോകാൻ സാധ്യതയുണ്ടെന്ന് വിനീത് പറയാറുണ്ടെന്നും അജു വർഗീസ് പറഞ്ഞിരുന്നു.
അതേസമയം, അജു പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ സർവ്വം മായ തിയേറ്ററുകളിൽ വലിയ വിജയമാണ് നേടുന്നത്. ആഘോഷം, പെണ്ണ് കേസ് എന്നീ ചിത്രങ്ങളിലും അജു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Content Highlights: Aju varghese make funny comment about Nivin Pauly and Dhyan at a Gym inauguration. He says he felt a bit skeptical when the invitation came for the gym opening.