'ബാബർ ഹാപ്പിയാണോ എന്നുറപ്പില്ല, എന്നാൽ അത് വിജയകരമായിരുന്നു'; സിംഗിൾ നിഷേധിച്ചതിൽ പ്രതികരണവുമായി സ്മിത്ത്

ബിഗ് ബാഷ് ലീഗിൽ സഹതാരം ബാബര്‍ അസമിന് സിംഗിള്‍ നിഷേധിച്ചതിൽ പ്രതികരണവുമായി ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്.

'ബാബർ ഹാപ്പിയാണോ എന്നുറപ്പില്ല, എന്നാൽ അത് വിജയകരമായിരുന്നു'; സിംഗിൾ നിഷേധിച്ചതിൽ പ്രതികരണവുമായി സ്മിത്ത്
dot image

ബിഗ് ബാഷ് ലീഗിൽ സഹതാരം ബാബര്‍ അസമിന് സിംഗിള്‍ നിഷേധിച്ചതിൽ പ്രതികരണവുമായി ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്. അവസാന പന്തിൽ ബാബർ എടുത്ത സിംഗിൾ ഓടേണ്ടതില്ല എന്ന തന്റെ തീരുമാനത്തിൽ ബാബർ ഹാപ്പിയാണോ എന്നുറപ്പില്ലെന്നും എന്നാൽ ആ തീരുമാനം പൂർണമായി ശരിയായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു.

സിഡ്‌നി തണ്ടറിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഞങ്ങൾക്ക് കുറച്ച് റൺ റേറ്റ് ഉയർത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു. തൊട്ടടുത്ത ഓവറിൽ പവർ പ്ളേ എടുക്കാനായിരുന്നു പ്ലാൻ. അപ്പോൾ ഞാൻ തന്നെ ക്രീസിൽ വേണമെന്ന് കരുതി. കൂടുതൽ ബൗണ്ടറികൾ നേടണമെന്ന് തോന്നി. ആ ഓവറിൽ 32 റൺസ് നേടിയെടുക്കാനായെന്നും സ്മിത്ത് പറഞ്ഞു.

മത്സരത്തില്‍ സിക്‌സേഴ്‌സ് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. 41 പന്തില്‍ 100 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ ഇന്നിംഗ്‌സാണ് സിക്‌സേഴ്‌സിന് വിജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ബാബര്‍ അസം (47) - സ്മിത്ത് സഖ്യം 141 റണ്‍സ് ചേര്‍ത്തിരുന്നു. 13-ാം ഓവറില്‍ മാത്രമാണ് തണ്ടറിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ബാബര്‍, മക്ആന്‍ഡ്രൂവിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.

എന്നാല്‍ ബാബര്‍ പുറത്താവുന്നതിന് മുമ്പ് മറ്റൊരു സംഭവമുണ്ടായി. 11-ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളില്‍ ബാബറിന് സിംഗിളെടുക്കാന്‍ സാധിച്ചില്ല. അവസാന പന്ത് ബാബര്‍ ലോംഗ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ സ്മിത്ത് വിസമ്മതിച്ചു. ബാബര്‍ ആവട്ടെ പിച്ചിന് പാതിവരെ ഓടിയെത്തിയിരുന്നു. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് ബാബര്‍, സ്മിത്തിനോട് ചോദിക്കുന്നുണ്ട്. ശേഷം സ്‌ട്രൈക്കിലെത്തിയ സ്മിത്ത് തൊട്ടടുത്ത ഓവറിൽ നാല് സിക്സർ അടക്കം 32 റൺസാണ് നേടിയത്.

തൊട്ടടുത്ത ഓവറില്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ ബാബറാവട്ടെ നേരിട്ട ആദ്യ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. പുറത്താകുമ്പോള്‍ നിരാശനായിരുന്നു ബാബര്‍. ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ചാണ് പവലിയനിലേക്ക് കയറി പോയത്.

Content Highlights: Steve Smith Breaks Silence On Decision To Deny Single to babar azam

dot image
To advertise here,contact us
dot image